കൊവിഡ് രോഗികൾക്കായി കാസർകോട് ആശുപത്രി തയാർ…

April 6, 2020

കൊവിഡ് രോഗികൾക്കായി അത്യാധുനിക സജ്ജീകരണങ്ങളോടെ കാസർകോട് ജില്ലയിലെ മെഡിക്കൽ കോളജ് ഒരുങ്ങി. തിരുവനന്തപുരത്തുനിന്നെത്തിയ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് കാസർകോട് ആശുപത്രി പ്രവർത്തിക്കുന്നത്.

പത്തോളം പേരെ ഒരേസമയം നിരീക്ഷിക്കാന്‍ അത്യാധുനിക ഐസിയുവും, ലബോറട്ടറിയും, ഇരുനൂറ് പേരെ കിടത്താൻ കഴിയുന്ന ഐസൊലേഷൻ വാർഡുകളുമാണ് ആദ്യഘട്ടത്തിൽ തയാറാക്കിയിരിക്കുന്നത്.

മെഡിക്കൽ കോളജിന്റെ അഡ്മിനിസ്ട്രേറ്റിവ് കെട്ടിടമാണ് ഇപ്പോൾ കൊവിഡ് രോഗികൾക്കായി ഒരുക്കിയിരിക്കുന്നത്. നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും കഴിയുന്നവരെ ഇവിടേക്ക് മാറ്റും.

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതർ ഉള്ളത് കാസർകോട് ജില്ലയിലാണ്. കേരളത്തിൽ 314 പേർക്കാണ് ഇതുവരെ അസുഖം ബാധിച്ചിട്ടുള്ളത്. 56 പേരാണ് രോഗവിമുക്തി നേടിയത്. 256 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.