സോഷ്യൽ മീഡിയയിൽ താരമായി ഡാൽഗോണ കോഫിയും ചക്കക്കുരു ഷെയ്ക്കും

കഴിഞ്ഞ കുറെ ദിവസങ്ങളിലായി സോഷ്യൽ മീഡിയ കീഴടക്കുകയാണ് ഡാൽഗോണ കോഫിയും, ചക്കക്കുരു ഷേയ്ക്കും. രണ്ടിനും ആരാധകർ ഏറെയാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാമെന്നതും കാണാനുള്ള ഭംഗിയും പേരിന്റെ കൗതുകവുമൊക്കെയാണ് ഡാൽഗോണ കോഫിയുടെ പ്രത്യേകത.

ചൂടിന് നല്ലതാണെന്നതാണ് ചക്കക്കുരു ഷെയ്‌ക്കിന്റെ ജനപ്രിയതയ്ക്ക് പിന്നിൽ. മാത്രമല്ല, ഇത് ചക്ക സീസൺ കൂടിയായതുകൊണ്ട് എല്ലാവർക്കും പെട്ടെന്ന് കിട്ടാനും എളുപ്പമാണ്.

ടിക് ടോക്കിലും ഫേസ്ബുക്കിലുമൊക്കെ ട്രെൻഡിങ്ങാണ് ഡാൽഗോണ കോഫി. വീട്ടിൽ അതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം;കോഫി പൗഡർ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, 2 ടേബിൾ സ്പൂൺ ചൂട് വെള്ളം, പാൽ – ഒരു ഗ്ലാസ്‌, ഐസ്‌ ക്യൂബ്‌ 2 എണ്ണം എന്നിവയാണ് ടാൽഗോണ കോഫിക്ക് ആവശ്യം.

ഒന്നാമത്തെ മൂന്ന് ചേരുവകൾ സ്പൂൺ കൊണ്ട് നല്ലതുപോലെ മിക്സ്‌ ചെയ്ത ശേഷം ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് മൂന്നു നാല്‌ വട്ടം ബീറ്റ്‌ ചെയ്യുക( ഇലക്ട്രിക് ബീറ്റർ ഇല്ലെങ്കിൽ ഒരു സ്പൂൺ അല്ലെങ്കിൽ ഫോർക്ക് ഉപയോഗിച്ച് ബീറ്റ്‌ ചെയ്താൽ മതി. ഒരു ഗ്ലാസ്സിൽ ഐസ്ക്യൂബ് ഇട്ടശേഷം മുക്കാൽ ഭാഗം തണുത്ത പാൽ ഒഴിക്കാം.മുകളിലായി ഉണ്ടാക്കിയ കോഫീ ക്രീം വയ്ക്കാം. ഇത്‌ നല്ല പോലെ മിക്സ്‌ ആക്കിയ ശേഷം കുടിക്കാം.

ചക്കക്കുരു ഷേക്ക് അതിലും എളുപ്പമാണ്. ചക്കക്കുരു നന്നായി വേവിച്ച് ചൂടാറിയ ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കണം. പാലും ബൂസ്റ്റും ചേർത്താണ് അരയ്‌ക്കേണ്ടത്. ഇത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കുടിക്കാം.