മകനും സുഹൃത്തിനും കൊവിഡ് ഭേദമായി; നാടിനെ ഓർത്ത് അഭിമാനം, അധികൃതർക്ക് നന്ദി പറഞ്ഞ് സംവിധായകൻ എം പത്മകുമാർ

കഴിഞ്ഞ ദിവസം കളമശേരി മെഡിക്കൽ കോളജിൽ നിന്നും കൊവിഡ്-19 ഭേദമായി വീട്ടിലെത്തിയതാണ് സംവിധായകൻ എം പത്മകുമാറിന്റെ മകൻ ആകാശ് ഉൾപ്പെടെ ഉള്ളവർ. മകൻ രോഗമുക്തി നേടിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ പത്മകുമാർ നമ്മുടെ നാടിനെക്കുറിച്ചും സർക്കാരിനെക്കുറിച്ചും അഭിമാനമാണെന്നും കുറിച്ചു.

പത്മകുമാറിന്റെ മകൻ ആകാശും സുഹൃത്തും പാരീസിൽ നിന്നും കേരളത്തിൽ എത്തിയതാണ്. വിദേശത്തുവെച്ച് രോഗികളുമായി സമ്പർക്കം പുലർത്തിയതായി സംശയം തോന്നിയ ഇരുവരും കേരളത്തിൽ ചികിത്സ തേടുകയായിരുന്നു. ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ കാണിക്കാതിരുന്നതിനാൽ ഇരുവരും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പിന്നീട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. കളമശേരി മെഡിക്കൽ കോളജിലാണ് ഇരുവരും ചികിത്സ തേടിയത്.

പത്മകുമാറിന്റെ വാക്കുകൾ :

എന്റെ മകൻ ആകാശും സുഹൃത്ത് എൽദോ മാത്യുവും കൊവിഡ്-19 ഭേദപ്പെട്ട് കഴിഞ്ഞ ദിവസം കളമശേരി മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജായി. ഈ രോഗത്തിനെതിരെ പൊരുതുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്കെല്ലാം ഒരുപാട് നന്ദി. അതോടൊപ്പം ഈ സംഘത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ കെ ഷൈലജ, ജില്ലാ കളക്ടർ എസ് സുഹാസ് എന്നിവർക്കെല്ലാം ഒരുപാട് നന്ദി. ഇത് വെറുമൊരു നന്ദി വാചകമല്ല, മറിച്ച് സ്വന്തം നാടിനെയും സർക്കാരിനെയും ഓർത്തുള്ള അഭിമാനമാണ്. ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തിൽ ലോകത്തിൽ ഒന്നാമതാണ് നമ്മുടെ നാട്. ബിഗ് സല്യൂട്ട്..