കൊവിഡ്-19: ഇത്തവണ തൃശൂർ പൂരം ഇല്ല

കൊവിഡ്-19 വ്യാപനം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം ഇല്ല. മന്ത്രി വിഎസ് സുനിൽ കുമാറാണ് ഇത് അറിയിച്ചത്. ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകൾ മാത്രമേ ഇത്തവണ ഉണ്ടാകുകയുള്ളൂ. അഞ്ച് പേർ മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക. പൂരവുമായി ബന്ധപ്പെട്ട മറ്റൊരു പരിപാടികളും ഇത്തവണ നടക്കുകയില്ല.

തൃശൂർക്കാരുടെ മാത്രമല്ല കേരളക്കരയുടെ മുഴുവൻ വികാരമാണ് ചരിത്രവും ചൈതന്യവും ഒന്നിക്കുന്ന തൃശൂർ പൂരം. ഒരു നഗരത്തിന്റെ പ്രൗഢിയും പെരുമയും പറയുന്ന പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം. സര്‍വൈശ്വര്യങ്ങളുടെയും സാക്ഷിയായ വടക്കും നാഥന്റെ വിശുദ്ധി പൂരപ്പറമ്പിൽ നിറയുമെന്നുള്ള പ്രതീക്ഷയിലാണ് ഓരോ പൂരത്തിനും ജനങ്ങൾ എത്തുന്നത്.

തൃശൂർ പൂരത്തിലെ സൂപ്പർ താരങ്ങൾ എഴുന്നള്ളത്തിനെത്തുള്ള ആനകളാണ്.  അതേസമയം ഒരാനയെപോലും എഴുന്നള്ളിക്കാതെയാണ് ഇത്തവണ പൂരം കൊടിയേറുന്നത്.