ഇവരാണ്’ഫിറ്റ് കിഡ്സ്’; സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടിയ കുട്ടിത്താരങ്ങൾ, വീഡിയോ

കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ ആകർഷിക്കുകയാണ് രണ്ട് കുട്ടിത്താരങ്ങൾ. കാര്യം കുട്ടികൾ ആണെങ്കിലും സംഗതി അല്പം ഡെയ്ഞ്ചറസ് ആണ്. കാരണം കളരിയിൽ പുലിക്കുട്ടികളാണ് ഈ കുട്ടിത്താരങ്ങൾ. പത്ത് വയസുകാരൻ വൈഷ്ണവും അഞ്ച് വയസുകാരി വേദികയും കാളികാ കളരിസംഘത്തിലെ വിദ്യാർത്ഥികളാണ്. അച്ഛൻ വിനോദാണ് ഇരുവരുടെയും ഗുരു.

ചെറുപ്പംമുതലേ ഇരുവരും കളരി പഠനം തുടങ്ങിയിരുന്നു. വേദിക മൂന്നര വയസിലും വൈഷ്ണവ് നാലര വയസിലും കളരി അഭ്യസിച്ചുതുടങ്ങി. ‘ഫിറ്റ്‌ കിഡ്’ എന്ന മത്സരത്തിലൂടെ നാഷണൽ ലെവൽ ചാമ്പ്യന്മാരുമായി ഈ കുട്ടിത്താരങ്ങൾ. പുത്തുരുത്തി ഗവൺമെന്റ് യുപി സ്കൂൾ വിദ്യാർത്ഥികളാണ് രണ്ടുപേരും.

കളരിയ്ക്ക് പുറമെ അഭിനയത്തിലും പിച്ചവെച്ചുതുടങ്ങി ഇരുവരും. ഗ്രേറ്റ്‌ ഫാദർ, ലോർഡ് ലിവിങ്സ്റ്റൺ അഞ്ചരക്കണ്ടി എന്നീ ചിത്രങ്ങളിൽ വൈഷ്ണവ് ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കവചി എന്നാണ് ചിത്രത്തിന്റെ പേര്.