മമ്മൂട്ടിയുടെ 369, മോഹൻലാലിന്റെ 2255; ജയസൂര്യയുടെ വാഹന നമ്പറായ 1122നുമുണ്ട് ഒരു കഥ!

ചില പ്രത്യേക ഇഷ്ടങ്ങളും ശീലങ്ങളും കാത്തുസൂക്ഷിക്കുന്ന ചുരുക്കം സിനിമ താരങ്ങൾ ഉണ്ട്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ അങ്ങനെയുള്ള കാര്യങ്ങളിൽ മുൻപന്തിയിലാണ്. മമ്മൂട്ടിക്ക് വാഹനങ്ങളോടും ഇലക്ട്രോണിക് വസ്തുക്കളോടുമുള്ള താല്പര്യം സിനിമ ലോകത്ത് പ്രസിദ്ധമാണ്. മോഹൻലാലിന് അലങ്കാര വസ്തുക്കളോട് വലിയ ഭ്രമമാണ്. അതും ആന്റിക് ആയിട്ടുള്ള വസ്തുക്കൾ. മാത്രമല്ല, ഇവർക്ക് രണ്ടാൾക്കും ഒരുപോലെയുള്ള ഒരു ശീലമാണ് എല്ലാ വണ്ടികൾക്കും ഒരേ നമ്പർ നൽകുന്നത്.

369 ആണ് മമ്മൂട്ടിയുടെ ഭാഗ്യ നമ്പർ. 2255 ആണ് മോഹൻലാലിൻറെത്. അതുപോലെ നടൻ ജയസൂര്യയ്ക്കും ഭാഗ്യ നമ്പർ ഉണ്ട്. അതാണ് 1122. ഈ നമ്പറിന് പിന്നിൽ ഒരു കഥയുണ്ട്. സിനിമയിൽ എത്തും മുൻപ് സ്റ്റേജ് പരിപാടികളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ യാത്ര ചെയ്തിരുന്ന ബസിന്റെ നമ്പർ ആണിത്.

കോട്ടയം സ്റ്റാൻഡിൽ പരിപാടി കഴിഞ്ഞ് വൈകി വന്നതിനു ശേഷം കിടന്നുറങ്ങും. എന്നിട്ട് വെളുപ്പിനെ ഈ നമ്പറിലുള്ള ബസിനാണ് എറണാകുളത്തേക്ക് പോയിരുന്നത്. ഒരു സ്റ്റേജ് പരിപാടിയിലാണ് തന്റെ വാഹന നമ്പറിന്റെ കഥ ജയസൂര്യ വെളിപ്പെടുത്തിയത്.