അരിപ്രാഞ്ചിയുടെ ഈയപ്പന്‍ ഓര്‍മ്മയാകുമ്പോള്‍; ശശി കലിംഗയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി

ഓരോ കഥാപാത്രത്തെയും സ്വയസിദ്ധമായ ശൈലിയിലൂടെ അവിസ്മരണീയമാക്കിയ നടനാണ് ശശി കലിംഗ. അസാധാരണമായ അഭിനയ മികവുതന്നെയാണ് താരത്തിന്റെ കഥാപാത്രങ്ങളുടെ ശ്രേഷ്ഠതയും. പകര്‍ന്നാടിയ കഥാപാത്രങ്ങളെ ബാക്കിവെച്ച് കാലയവനികയ്ക്ക് പിന്നില്‍ ശശി കലിംഗ ഓര്‍മ്മയാകുമ്പോള്‍ താരത്തിന് വിട ചൊല്ലുകയാണ് ചലച്ചിത്രലോകം. നിരവധി പേര്‍ ശശി കലിംഗയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.

മമ്മൂട്ടിക്കൊപ്പം പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയായിരുന്ന ശശി കലിംഗയുടെ ചലച്ചിത്രപ്രവേശനം. രഞ്ജിത്ത് സംവിധാനം നിര്‍വഹിച്ച പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റ് എന്ന ചിത്രത്തിലെ ശശി കലിംഗയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രാഞ്ചിയേട്ടന്റെ വീടിനും മനസ്സിനും കാവല്‍ക്കാരനായ ഈയപ്പന്‍ എന്ന കഥാപാത്രത്തെ ശശി കലിംഗ അതിന്റെ പരിപൂര്‍ണ്ണതയിലെത്തിച്ചു. നടന്‍ മമ്മൂട്ടിയും കലിംഗ ശശിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച ആമേന്‍ എന്ന ചിത്രത്തില്‍ ശശി കലിംഗ അവതരിപ്പിച്ച ചാച്ചപ്പന്‍ എന്ന കഥാപാത്രവും തിയേറ്ററുകളില്‍ ശ്രദ്ധ നേടി. ‘ആമേന്‍’ എന്നു കുറിച്ചുകൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി താരത്തിന് വിട ചൊല്ലിയത്.

Read more: 2020-ലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന്; എന്താണ് ഈ ‘പിങ്ക് സൂപ്പര്‍മൂണ്‍’…

ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്തും സജീവമായിരുന്നു കലിംഗ ശശി.
നാടകവേദിയില്‍ നിന്നുമാണ് ശശി കലിംഗ സിനിമയിലേയ്ക്ക് എത്തിയത്. വി ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. നാട്ടിലും വീട്ടിലും ശശി എന്നറിയപ്പെട്ട താരത്തിന് സംവിധായകന്‍ രജ്ഞിത്ത് ആണ് നാടകട്രൂപ്പായ കലിംഗയുടെ പേര് ഒപ്പം ചേര്‍ത്തുനല്‍കിയത്. അങ്ങനെ ചലച്ചിത്രരംഗത്ത് ശശി കലിംഗ എന്നായി.

ഇന്ന് പുലര്‍ച്ചെയായിരുന്നു ശശി കലിംഗയുടെ മരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു താരം.