രാജ്യത്ത് ഏറ്റവുമധികം രോഗവിമുക്തർ കേരളത്തിൽ; മരണനിരക്കും കുറവ്

രാജ്യം ഒറ്റക്കെട്ടായി കൊവിഡ് പോരാട്ടത്തിലാണ്. രാജ്യത്തിന് തന്നെ മാതൃകയായി കേരളം മുൻപന്തിയിലുമുണ്ട്. ഇപ്പോൾ ഏറ്റവും അധികം രോഗ വിമുക്തർ കേരളത്തിലാണുള്ളത്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ 25 രോഗികളിൽ 84% പേരും രോഗവിമുക്തരായി. മാർച്ച് 9നും 20നും ഇടയിലാണ് ഇവർ ചികിത്സയിലായിരുന്നത്.

ഇപ്പോൾ കേരളത്തിൽ ആകെ രോഗികളുടെ എണ്ണം 314 ആണ്. ഇതിൽ 55 പേരാണ് രോഗ വിമുക്തരായത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 17% ആണ് കേരളത്തിലെ രോഗവിമുക്തർ. ഇത് മറ്റു സംസ്ഥാനങ്ങളേക്കാൾ ഒരുപാട് മുന്നിലാണ്. അതുപോലെ മരണനിരക്കും കേരളത്തിൽ കുറവാണ്.

കഴിഞ്ഞ ഇത്രയധികം രോഗബാധ രേഖപ്പെടുത്തിയിട്ടും വളരെ വേഗത്തിലാണ് മിക്കവരും രോഗവിമുക്തരാകുന്നത്. അതേസമയം, ഇന്ത്യയിൽ 12 മണിക്കൂറിനിടെ 490 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇതോടെ രോഗബാധിതരുടെ എണ്ണം 4067 ആയി. 291 പേർ രോഗവിമുക്തരാകുകയും 109 മരണങ്ങൾ രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവുമധികം രോഗികൾ മഹാരാഷ്ട്രയിലാണ്.