വധു ഉത്തർപ്രദേശിൽ,വരൻ ആലപ്പുഴയിൽ- നിശ്ചയിച്ച മുഹൂർത്തത്തിൽ ഓൺലൈൻ വിവാഹം!

കൊവിഡ് വ്യാപനത്തെ തുടർന്ന് ആഘോഷങ്ങളും ചടങ്ങുകളുമെല്ലാം മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണ്. കല്യാണങ്ങളിൽ ആകെ 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. ധാരാളം കല്യാണങ്ങൾ കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന രീതിയിൽ കേരളത്തിൽ നടന്നു. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് കേരളത്തിലെ ആദ്യത്തെ ഓൺലൈൻ കല്യാണമാണ്.

വധു ഉത്തർപ്രദേശിലെ ലക്‌നൗവിലും, വരൻ കേരളത്തിലുമായ സാഹചര്യത്തിലാണ് വീഡിയോ കോളിലൂടെ വിവാഹം നടത്തിയത്.

വരൻ ഫോണിൽ താലി കെട്ടുമ്പോൾ വധു മറ്റൊരു താലി സ്വയം കഴുത്തിൽ കെട്ടുകയാണ് വീഡിയോയിൽ. ബന്ധുക്കളും കുടുംബാംഗങ്ങളുമെല്ലാം ഒപ്പമുണ്ട്.

പള്ളിപ്പാട് സ്വദേശിയായ അഞ്ജനയും ചങ്ങനാശേരി സ്വദേശിയായ ശ്രീജിത്തുമാണ് ഓൺലൈനിലൂടെ വിവാഹിതരായത്. പള്ളിപ്പാട്ടെ അഞ്ജനയുടെ വീട്ടിൽ നിന്നാണ് ശ്രീജിത്ത് വീഡിയോ കോളിലൂടെ താലി ചാർത്തിയത്.

ലോക്ക് ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ ഇത്തരം മാർഗങ്ങളാണ് പലരും സ്വീകരിക്കുന്നത്. കേരളത്തിലെയും ഒരുപക്ഷെ ലോകത്തേയും ആദ്യത്തെ ഓൺലൈൻ വിവാഹം എന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.