‘വെറുതെ ഇരിക്കണ്ട ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്’; ആത്മവിശ്വാസവും അറിവും പകർന്ന് ഒരു ലോക്ക് ഡൗൺ സ്‌പെഷ്യൽ വീഡിയോ

April 12, 2020

കൊറോണ വൈറസിനെതിരെ ജനങ്ങൾക്ക് ശരിയായ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ആളുകളാണ് വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണ വീഡിയോകളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പാട്ടുപാടിയും നൃത്തംചെയ്തുമൊക്കെ പൊതുസമൂഹത്തിന് കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള മാർഗങ്ങൾ പലരും നിർദ്ദേശിക്കുന്നുണ്ട്.

കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ കഷ്ടപ്പെടുകയാണ് മിക്കവരും. അപ്രതീക്ഷിതമായി കിട്ടിയ അവധിയിൽ ഒന്ന് പുറത്തിറങ്ങി കളിയ്ക്കാൻ പോലും കഴിയാത്ത വിഷമത്തിലാണ് നമ്മുടെ കുട്ടികളും. ഈ സാഹചര്യത്തിൽ വെറുതെ ഇരിക്കാതെ കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് പറയുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധകവരുന്നത്.

സുനിൽ ജി ചെറുകടവിന്റെ ‘ഗൃഹസ്ഥാശ്രമം’ എന്ന കവിതയുടെ ദൃശ്യാവിഷ്‌കരമാണ് വീഡിയോ. കാവാലം ശ്രീകുമാറാണ് കവിത ആലപിച്ചിരിക്കുന്നത്. ‘കിച്ചാസ് ക്വാറന്റീൻ ടൈം’ എന്ന പേരോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ലോക്ക് ഡൗൺ കാലത്ത് വെറുതെ ഇരുന്ന് സമയം ചെലവഴിക്കാതെ അത് എങ്ങനെയെല്ലാം ഉപയോഗപ്രദമാക്കാം എന്നാണ് കവിതയിലൂടെ പങ്കുവയ്ക്കുന്നത്. ഒരു കുട്ടിയ്ക്ക് ചെയ്യാൻ കഴിയുന്ന ചെറിയ ജോലികളെക്കുറിച്ചും, സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കവിതയിലൂടെ പറഞ്ഞുവയ്ക്കുന്നു.

കൊവിഡ് എന്ന മഹാമാരിയെയും നാം മറികടക്കുമെന്ന ആത്മവിശ്വാസം പകർന്നും, കേരള സർക്കാരിന്റേയും ആരോഗ്യപ്രവർത്തകരുടെയും ധീര പ്രവർത്തനങ്ങളെ അഭിനന്ദിച്ചുമാണ് കവിത അവസാനിക്കുന്നത്.