ആളും ആരവങ്ങളും ഇല്ലാത്ത കൊച്ചി; ശൂന്യതയിലും സുന്ദരിയായി നഗരം…

നിലാവിന്റെ ചെറുവെളിച്ചത്തിൽ ആകാശത്തെ നക്ഷത്രങ്ങളെപോലെ എങ്ങും ഉയർന്നുനിൽക്കുന്ന കെട്ടിടസമുച്ചയങ്ങൾ. തിരക്കുനിറഞ്ഞ റോഡുകൾ, സൗന്ദര്യം വിളിച്ചോതുന്ന കായലുകൾ, മാളുകൾ… ഇവയോരോന്നും പറഞ്ഞുവയ്ക്കുന്നത് കൊച്ചിയുടെ പഴമയും പാരമ്പര്യവും വളർച്ചയുമെല്ലാമാണ്.

ആളും ആരവങ്ങളും ഒരിക്കലും ഒഴിയാത്ത കൊച്ചി നഗരത്തിന്റെ രൂപം മാത്രം കണ്ട കൊച്ചിക്കാർക്കിടയിലേക്ക് കൊച്ചിയുടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ്.

ലോക്ക് ഡൗൺ കാലത്തെ കൊച്ചിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ വീഡിയോ സ്ട്രിംഗർ രഘുരാജ് അമ്പലമേടാണ് ദൃശ്യങ്ങൾ തയാറാക്കിയത്. ഡ്രോൺ ക്യാമറയും ഗോപ്രോയും ഉപയോഗിച്ചാണ് ദൃശ്യങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്.  

ഫോർട്ടുകൊച്ചിയിൽ നിന്നും ആരംഭിക്കുന്ന വീഡിയോ മട്ടാഞ്ചേരി ജൂതത്തെരുവ് പിന്നിട്ട് തോപ്പുംപടി പാലം, വൈറ്റില, എം.ജി. റോഡ്, മറൈൻ ഡ്രൈവ്, ഗോശ്രീ പാലം, ഇടപ്പള്ളി, കളമശേരി എന്നീ സ്ഥലങ്ങളെല്ലാം കടന്ന് ആലുവയിൽ എത്തിനിൽക്കുന്നു.