‘അരികിൽ അമ്മയുണ്ട്’; സിംഹകുട്ടിയെ അരുവിക്കടത്തി ‘അമ്മ സിംഹം, ഹൃദയംതൊട്ട് വീഡിയോ

മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ കൗതുകം നിറഞ്ഞ ദൃശ്യങ്ങൾക്ക് കാഴ്ച്ചക്കാർ ഏറെയാണ്. കൗതുകത്തിനപ്പുറം ചില ചിത്രങ്ങൾ ഹൃദയവും കീഴടക്കാറുണ്ട്. അരുവി കടക്കാൻ കഴിയാതെ പേടിച്ചുനിൽക്കുന്ന സിംഹക്കുഞ്ഞിനെ അപ്പുറംകടക്കാൻ സഹായിക്കുന്ന ‘അമ്മ സിംഹത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗുജറാത്തിലെ ഗിർ ദേശീയപാർക്കിൽ നിന്നുള്ളതാണ് ഹൃദയതൊടുന്ന ഈ ദൃശ്യങ്ങൾ.

ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവെച്ചത്. രണ്ടു വലിയ സിംഹങ്ങളും ചെറിയ കുഞ്ഞുങ്ങളും അടങ്ങുന്ന സംഘം അരുവി കടന്ന് മാറുകരയിലേക്ക് പോകുകയാണ്. ഇതിനിടയിൽ കൂട്ടത്തിലുള്ള ഒരു സിംഹക്കുട്ടി മാത്രം അരുവി കടക്കാതെ പേടിച്ച് മാറിനിന്നു.

മറ്റ് മക്കളെയെല്ലാം കരയ്‌ക്കെത്തിച്ച ശേഷം അവസാനം തിരികെ വന്ന് പേടിച്ച് മാറിനിന്ന കുഞ്ഞിനെ എടുത്തുകൊണ്ട് പോകുന്ന ‘അമ്മ സിംഹത്തെയാണ് വീഡിയോയിൽ കാണുന്നത്. ‘പത്ത് മക്കൾ ഉണ്ടായാലും എല്ലാവർക്കും ഒരുപോലെ സ്‌നേഹം നൽകാൻ ലോകത്ത് അമ്മയ്ക്ക് മാത്രമേ കഴിയു’ എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.