ലോക്ക് ഡൗൺ കാലത്ത് അടിയന്തര യാത്രകൾക്കുള്ള പാസുകൾ ഓൺലൈനിൽ ലഭ്യമാകും

കൊവിഡ് -19 പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ യാത്രകൾക്കും കർശനമായ നിയന്ത്രണങ്ങളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും ഉത്തരവുണ്ട്. അതേസമയം അടിയന്തര യാത്രകള്‍ക്ക് പാസുകള്‍ എടുക്കണമെന്നും സർക്കാർ അറിയിച്ചിരുന്നു. ഇനിമുതൽ പാസുകൾ ഓണ്‍ലൈനില്‍ ലഭ്യമാവും.

തഹസില്‍ദാര്‍മാര്‍ക്കാണ് പാസുകള്‍ നല്‍കാനുള്ള അധികാരമുള്ളത്. അന്തര്‍- സംസ്ഥാന യാത്രകള്‍ക്ക് പാസുകള്‍ക്ക് പുറമെ ഡി.എം.ഒയുടെയും ആര്‍.ടി.ഒയുടെയും സാക്ഷ്യപത്രവും നിര്‍ബന്ധമാണ്. യാത്ര ചെയ്യുന്ന വ്യക്തി കൊറോണ വൈറസ് നിരീക്ഷണത്തില്‍ അല്ല എന്ന ഡി.എം.ഒ.യുടെ സാക്ഷ്യപത്രമാണ് ആവശ്യം.

പാസ് ആവശ്യമുള്ളവര്‍ ചെയ്യേണ്ടത്

പാസ് ആവശ്യമുള്ളവർ http://covid19jagratha.kerala.nic.in എന്ന വിലാസത്തില്‍ ലോഗിന്‍ ചെയ്ത് പാസുകള്‍ക്ക് വേണ്ടി അപേക്ഷകൾ അയക്കണം.

അപേക്ഷകള്‍ അതാത് താലൂക്ക് ഓഫീസുകളില്‍ പരിശോധനക്കായി എത്തുന്നതാണ്. തഹസില്‍ദാര്‍ അപേക്ഷ പരിശോധിച്ച ശേഷം യഥാക്രമം പബ്ലിക് സര്‍വ്വീസ്, ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് പാസുകള്‍ അനുവദിക്കും.

അതേസമയം അനുവദിക്കപ്പെട്ട എല്ലാ പാസുകളും സബ് കളക്ടറും ജില്ല കളക്ടറും പരിശോധിക്കുന്നതായിരിക്കും.