പൊതുഗതാഗതം ഇല്ല, ലോക്ക് ഡൗണ്‍ കാലത്തെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

രാജ്യത്ത് ഏപ്രില്‍ 20 നു ശേഷമുള്ള ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. കൊവിഡ് ഹോട്ട് സ്‌പോട്ടുകളിലെ നിയന്ത്രണങ്ങളിലെ ഇളവുകള്‍ സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും കോന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. മെയ് 3 വരെ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കനത്ത ജാഗ്രത തുടരുമെന്നു തന്നെയാണ് നിര്‍ദ്ദേശങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഹോം ഡെലിവറി കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

-പൊതുഗാതം പുനഃരാരംഭിക്കുകയില്ല
-ട്രെയിന്‍, വ്യോമഗതാഗതം നിര്‍ത്തിവയ്ക്കുന്നത് തുടരും
-സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല
-അവശ്യ വ്‌സതുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും
-ചരക്കു നീക്കം സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും
-റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി
-വ്യാപാര സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തുറക്കില്ല
-മാളുകളും തിയേറ്ററുകളും അടഞ്ഞുകിടക്കും
-മദ്യം, സിഗരറ്റ് വില്‍പനയ്ക്ക് നിരോധനം
-പൊതു സ്ഥലങ്ങളിലും ജോലി ചെയ്യുന്ന ഇടങ്ങളിലും മാസ്‌ക് നിര്‍ബന്ധം
-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും
-ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവാദം ഇല്ല
-മരണം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് നിയന്ത്രണം തുടരും