നിലയ്ക്കാത്ത സ്നേഹബന്ധത്തിന്റെ അടയാളമായി ആൽബർട്ടും കെല്ലിയും; ഹൃദയംതൊട്ട് ഒരു ചിത്രം

ഒരിക്കലും അണയാത്ത ഒരു പ്രണയകഥ പറയുകയാണ് അമേരിക്കയിലെ ആൽബർട്ട് കോർണറും ഭാര്യ കെല്ലി കോർണറും. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങളിലാണ് കെല്ലിയെ തേടി ക്യാൻസർ എന്ന രോഗം എത്തുന്നത്.

രോഗം ബാധിച്ചപ്പോൾ മുതൽ ചികിത്സയും ആരംഭിച്ചു. എല്ലാതവണയും കെല്ലിയോടൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തുന്നത് ഭർത്താവ് ആൽബർട്ടാണ്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ആശുപത്രിയിൽ സന്ദർശകരെ അനുവദിക്കുന്നില്ല. ഇതോടെ ഭാര്യയോടൊപ്പം ഇരിക്കാൻ ആൽബർട്ടിന് സാധിക്കില്ല. എന്നാൽ കെല്ലി ആശുപത്രിയിൽ എത്തുമ്പോൾ വരാതിരിക്കാൻ ആൽബർട്ടിനും സാധിക്കില്ല.

കെല്ലിക്ക് കീമോ നടക്കുമ്പോൾ ആൽബർട്ട് പുറത്ത് കാർ പാർക്കിൽ തന്നെയുണ്ടാകും. ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ഒരു പ്ലക്കാർഡും അടുത്തുവച്ച് ഒരു പുസ്തകവും വായിച്ച് ആൽബർട്ട് കെല്ലിക്കായി കാത്തിരിക്കും.

‘നിന്നോടൊപ്പം ഇരിക്കാൻ എനിക്ക് സാധിക്കില്ല, എന്നാൽ എന്നും ഞാൻ കൂടെയുണ്ടാകും, ഒരുപാട് സ്നേഹത്തോടെ’ എന്നെഴുതിയ പ്ലക്കാർഡ് അരികെ വച്ച് കെല്ലിയെ കാത്തിരിക്കുന്ന ആൽബർട്ടിന്റെ ചിത്രം കെല്ലി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ കെല്ലി പങ്കുവെച്ച ഈ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും.