‘ആ ശബ്ദത്തിലെ സ്നേഹവും കരുതലും പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണ്, എനിക്കാശ്വസിക്കാൻ ഇതിൽപരം വേറൊന്നും വേണ്ട, നന്ദി ലാലേട്ടാ’; വൈറലായി മണിക്കുട്ടന്റെ കുറിപ്പ്

April 13, 2020

കൊറോണ വൈറസ് വിതച്ച മഹാമാരിയിലൂടെ കടന്നുപോകുകയാണ് കേരളക്കരയും. ഈ ദിവസങ്ങളിൽ നിരവധിപ്പേരാണ് ദുരിതം അനുഭവിക്കുന്നത്. ഒരുപാട് ആളുകളെ സഹായിക്കാൻ സഹായഹസ്തവുമായി നിരവധി ആളുകളും മുന്നോട്ട് വരുന്നുണ്ട്.

സാമ്പത്തികമായും മാനസീകമായും തളർന്നിരിക്കുന്നവർക്കിടയിലേക്ക് സ്നേഹത്തിന്റെ കരുതലുമായ് നിരവധി ആളുകൾ എത്തുന്നുണ്ട്. ഇത്തരത്തിൽ ഉത്കണ്ഠകളിൽ കഴിഞ്ഞിരുന്ന സിനിമാതാരം മണിക്കുട്ടനെ വിളിച്ചന്വേഷിച്ച മോഹൻലാലിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് മണിക്കുട്ടൻ.

മണിക്കുട്ടന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

നന്ദി ലാലേട്ടാ!! ആ കരുതലിനും സ്നേഹത്തിനും!!!

ലോക്ക് ഡൌൺ കാലഘട്ടത്തിൽ ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകൾ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎൽ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിനചിലവുകൾക്ക് സഹായിക്കുന്നത്. ഈ കാലഘട്ടത്തിൽ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്. അന്നന്നുള്ള വരുമാനത്തിൽ ജീവിക്കുന്നവരുടെ, വരുമാനം മുട്ടിനിൽക്കുന്ന സാഹചര്യം എനിക്കൂഹിക്കാൻ കഴിയും.

ഒരു struggling artist (struggling star അല്ല) എന്ന നിലയിൽ ഞാൻ സിനിമയിൽ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളിൽ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാൻ മെസ്സേജ് അയക്കുമ്പോൾ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല, ഒരു പക്ഷെ അവരിൽ പലരും ഇതേഅവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം.

ഈ വിഷമ ഘട്ടത്തിൽ ആ പ്രാർത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചു വർഷത്തെ സിനിമാജീവിതത്തിനിടയിൽ എന്നെ ഇത് വരേ അദ്ദേഹം നേരിട്ട് ഫോണിൽ വിളിച്ചിട്ടില്ല.

ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ കൂടിയായ ഈസ്റ്റർ ദിനമായിരുന്ന ഇന്ന് വന്ന ആ കോളിലേ ശബ്ദത്തിലെ സ്നേഹം ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണ്. എനിക്കാശ്വസിക്കാൻ ഇതിൽപരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയിൽ. നമ്മളതിജീവിക്കും.