പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജുനൻ മാസ്റ്റർ അന്തരിച്ചു

April 6, 2020

പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജുനൻ മാസ്റ്റർ അന്തരിച്ചു. 84 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍  പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. മലയാള സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകിയ വ്യക്തിയാണ് എം കെ അർജുനൻ മാസ്റ്റർ. ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ അദ്ദേഹം ഒരുക്കി.

കസ്തൂരി മണക്കുന്നല്ലോ കാറ്റേ, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ചെട്ടികുളങ്ങര ഭരണിനാളില്‍ തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധേയമാണ്. ദേവരാജന്‍ മാസ്റ്റര്‍, വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി എന്നിവർക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതം പകർന്നുകൊണ്ടാണ് എം കെ അർജ്ജുനൻ മാസ്റ്റർ തന്റെ സംഗീതസംവിധാനം ആരംഭിച്ചത്. കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെയാണ് അർജുനൻ മാസ്റ്റർ സിനിമ സംഗീത സംവിധാനരംഗത്ത് അരങ്ങേറുന്നത്. ശ്രീകുമാരൻതമ്പി- അർജുനൻ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ ഏറെ ശ്രദ്ധനേടി.