ഇന്ന് പെസഹാവ്യാഴം; ക്രിസ്തുവിന്റെ അന്ത്യ അത്താ‍ഴ സ്മരണയിൽ ക്രൈസ്തവർ

April 9, 2020

ലോകം മുഴുവനുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാവ്യാഴം ആചരിക്കുന്നു. യേശു ക്രിസ്തുവിന്റെ അന്ത്യ അത്താ‍ഴത്തിന്റെ ഓര്‍മ്മ പുതുക്കലാണ് പെസഹ. വലിയ നോമ്പിന്റെ പ്രധാന ദിവസങ്ങളിൽ ഒന്നുകൂടിയാണ് പെസഹാ. പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാ‍ണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. അതേസമയം കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ജനപങ്കാളിത്തമില്ലാതെയാകും ഇന്ന് പള്ളികളിൽ ചടങ്ങുകൾ നടക്കുക. വിശ്വാസികൾക്ക് ചടങ്ങുകൾ ഓൺലൈനായി വീട്ടിലിരുന്ന് കാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

അന്ത്യ അത്താ‍ഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ ക‍ഴുകി ചുംബിച്ചതിന്റെ ഓര്‍മപുതുക്കി എല്ലാ പള്ളികളിലും കാല്‍ക‍ഴുകല്‍ ശുശ്രൂഷയും നടത്തേണ്ട ദിവസമാണ് ഇന്ന്.എന്നാൽ ഇത്തവണ കാൽകഴുകൽ ശുശ്രൂഷ ഉണ്ടാവില്ല. കുടുംബങ്ങളിൽ വൈകുന്നേരം പെസഹ അപ്പം മുറിക്കും.

ക്രിസ്തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.

അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് പെസഹ പാലിൽ മുക്കി ഏറ്റവും പ്രായം കൂടി വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യത്താഴം ഒരുങ്ങിയത് പെസഹ വ്യാഴത്തിനാണ്.