വരന്‍ മുംബൈയില്‍, വധു ഡല്‍ഹിയിലും ലോക്ക് ഡൗണ്‍ കാലത്ത് ഓണ്‍ലൈനില്‍ ഒരു വിവാഹം

April 7, 2020

കൊവിഡ്19 എന്ന മഹാമാരിയെ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി പ്രയത്‌നിക്കുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊറോണ വൈറസിനെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. അതുകൊണ്ടുതന്നെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതും. അവശ്യ സേവനങ്ങള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുക. ആളുകള്‍ ഒത്തുകൂടുന്നതിനും യാത്രകള്‍ക്കുമൊക്കെ കടുത്ത നിയന്ത്രണമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നതും.

ലോക്ക് ഡൗണ്‍ കാലത്ത് വിവാഹം മാറ്റിവെച്ചു കുറച്ചു ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങുകള്‍ മാത്രം നടത്തിയുമൊക്കെ പലരും നമുക്കിടയില്‍ മാതൃകയായി. പ്രീത് സിങ്, നീത് കൗര്‍ എന്നിവരുടെ വിവാഹവും ഇത്തരത്തില്‍ മാതൃകയാണ്. മുംബൈ സ്വദേശിയായ പ്രീത് സിങ്ങും ഡല്‍ഹി സ്വദേശിനി നീത് കൗറും വിവാഹിതരായത് ഓണ്‍ലൈനിലൂടെ. സൂം എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെ വീഡിയോ കോള്‍ ചെയ്ത് ലോക്ക് ഡൗണ്‍ കാലത്ത് ഇവര്‍ വിവാഹിതരായി.

Read more: ചിരിനിറച്ച് ഒരു ‘വര്‍ക്ക് ഫ്രം ഹോം’ കാഴ്ചകള്‍: വൈറല്‍ വീഡിയോ

നേവല്‍ ഉദ്യോഗസ്ഥനായ പ്രീത് സിങ് ആണ് ഓണ്‍ലൈനില്‍ വിവാഹം നടത്താം എന്ന ആശയം മുന്നോട്ടുവെച്ചത്. വിവാഹത്തിനു വേണ്ടിയുള്ള അവധിയിലാണ് പ്രീത് ഇപ്പോള്‍. വൈകാതെ ജോലിയിലേയ്ക്ക് വീണ്ടും പ്രവേശിക്കേണ്ടി വരും. ഇക്കാരണത്താലാണ് വിവാഹം നീട്ടിവയ്ക്കാതെ ഓണ്‍ലൈനായി നടത്തിയത്.