സംഗീതപ്രതിഭ പ്രശാന്ത് ബേബി ജോണ്‍ അന്തരിച്ചു; സംഗീതലോകത്തിന് നികത്താനാവാത്ത നഷ്ടം എന്ന് ഗോപി സുന്ദര്‍

April 25, 2020

നിരവധി സിനിമകളുടെ സംഗീത സംവിധാന രംഗത്ത് പ്രവര്‍ത്തിച്ച പ്രശാന്ത് ബേബി ജോണ്‍ അന്തരിച്ചു. 47 വയസ്സായിരുന്നു പ്രായം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. മുണ്ടക്കയമാണ് സ്വദേശം.

മലയാളത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങളുടെ സംഗീത സംവിധാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് പ്രശാന്ത് ബേബി ജോണ്‍. ഉയരെ, ഹാപ്പി സര്‍ദാര്‍, കായംകുളം കൊച്ചുണ്ണി, കമ്മാര സംഭവം, എന്നു നിന്റെ മൊയ്തീന്‍, വിമാനം, ഛോട്ടാ മുംബൈ, ബാച്ച്‌ലര്‍ പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങളുടെ സംഗീത രംഗത്ത് നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട് മരണത്തിന് കീഴടങ്ങിയ സംഗീത പ്രതിഭ.

പ്രശാന്ത് ബേബി ജോണിന്റെ മരണത്തില്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ അനുശോചനം രേഖപ്പെടുത്തി. ‘സംഗീതലോകത്ത് അര്‍പ്പണ മനോഭാവത്തോടെ സേവനം അനുഷ്ഠിച്ച പ്രശാന്തിന്റെ സംഗീതം അതിഗംഭീരവും വേറിട്ടു നില്‍ക്കുന്നതുമായിരുന്നു എന്നും അദ്ദേഹത്തിന്റെ നഷ്ടം സംഗീത ലോകത്തിന് നികത്താനാവാത്തതാണെന്നും ഗോപി സുന്ദര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

മുണ്ടക്കയം വേലിക്കകത്ത് പരേതനായ ജോണിന്റേയും(ബേബി P&T) ജോളി ജോണിന്റേയും (റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് സി എം എസ് എല്‍ പി സ്‌കൂള്‍, പൊന്‍കുന്നം) മകനാണ് പ്രശാന്ത് ബേബി ജോണ്‍. ഭാര്യ- രഞ്ജിനി തോമസ് (ടീച്ചര്‍, സി എം എസ് ഹൈസ്‌കൂള്‍, മുണ്ടക്കയം) മക്കള്‍- രോഹന്‍(വിദ്യാര്‍ത്ഥി), അന്നു(വിദ്യാര്‍ത്ഥി)