വജ്രം കൊണ്ടൊരു ചെറുപട്ടണം; അപൂർവ്വകാഴ്ച്ച

തലക്കെട്ട് വായിച്ച് നെറ്റിചുളിക്കേണ്ട, സംഗതി സത്യമാണ്…ബവേറിയയിലെ നോർഡ്‌ലിംഗേൻ എന്ന കൊച്ചുപട്ടണം ആണ് വജ്രം കൊണ്ട് നിർമ്മിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഒരു ക്‌ളാസിക് ജർമ്മൻ പട്ടണം ആണെന്നേ തോന്നുകയുള്ളൂ. അത്രമേൽ മനോഹരമായ ഈ കൊച്ചുപട്ടണത്തിലെ എല്ലാ കെട്ടിടങ്ങളുടെ അടിത്തറകളിലും വജ്രങ്ങൾ ഒളിപ്പിച്ചിട്ടുണ്ട്.

ദശലക്ഷക്കണക്കിന് വജ്രങ്ങളാണ് ഈ കെട്ടിടങ്ങളുടെ അടിത്തറയിൽ ഉള്ളത്. വിദഗ്ധരുടെ കണക്കുകൾ പ്രകാരം 72000 ടൺ വജ്രം ഈ കൊച്ചുനഗരത്തിലുണ്ട്.

വജ്രങ്ങൾ കൊണ്ടുള്ള കെട്ടിടങ്ങൾക്ക് പിന്നിൽ…

പതിനഞ്ച് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ബവേറിയയിൽ ഒരു വലിയ ഛിന്നഗ്രഹം പതിച്ചു.. അതേത്തുടർന്ന് സൃഷ്‌ടിക്കപ്പെട്ട ഗർത്തത്തിലൂടെ പളുങ്ക്, വജ്രം, ഗ്ലാസ് പാറകൾ സൃഷ്ടിക്കപ്പെട്ടു. പിന്നീട് ഇവിടെ എത്തിയവർ കെട്ടിടങ്ങൾ പണിയാൻ തുടങ്ങി. അവിടെ പതിച്ച പാറകൾ ഉപയോഗിച്ചാണ് അവർ കെട്ടിടങ്ങൾ പണിതത്. എന്നാൽ തങ്ങൾ കെട്ടിടം പണിയാൻ ഉപയോഗിക്കുന്നത് വജ്രങ്ങൾ ആണെന്ന് അവർ അറിഞ്ഞിരുന്നില്ല..

1960-ൽ അമേരിക്കൻ ജിയോളജിസ്റ്റ് യൂജിൻ ഷൂമേക്കർ അവധി ആഘോഷിക്കാൻ ഈ പട്ടണത്തിൽ എത്തി. തുടർന്ന് അദ്ദേഹത്തിന് ഉണ്ടായ കൗതുകത്തിലൂടെയാണ് ഈ പട്ടണം പണിതിരിക്കുന്നത് വജ്രങ്ങൾ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയത്.

എന്നാൽ ഇത് കേട്ട് യാത്രകൾ അങ്ങോട്ട് ആക്കിയാലോ എന്ന് ചിന്തിക്കുന്നവർ അറിയുക.. ഇവയ്ക്ക് സാമ്പത്തീക മൂല്യമില്ല, ശാസ്ത്രീയ മൂല്യം മാത്രമേ ഉള്ളു.