സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക്; ഏഴ് പേര്‍ക്ക് രോഗവിമുക്തി

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലമാണ് ഇദ്ദേഹത്തിന് രോഗബാധ പിടിപെട്ടത്. ഏഴ് പേര്‍ ഇന്ന് രോഗ വിമുക്തരായിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാസര്‍ഗോഡ് സ്വദേശികളായ നാല് പേരും കോഴിക്കോട് സ്വദേശികളായ രണ്ടുപേരും കൊല്ലം സ്വദേശിയായ ഒരാളും ഇന്ന് കൊവിഡ് രോഗത്തില്‍ നിന്നും വിമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 167 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ആകെ 97464 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 96942 പേര്‍ വീടുകളിലും 522 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16475 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 16002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.