കൊറോണയ്ക്കെതിരെ പാവനാടകത്തിലൂടെ ബോധവത്കരണവുമായി അധ്യാപകൻ; വീഡിയോ

കൊറോണ വൈറസിനെതിരെ ജനങ്ങൾക്ക് ശരിയായ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ആളുകളാണ് വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണ വീഡിയോകളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പാട്ടുപാടിയും നൃത്തംചെയ്തുമൊക്കെ പൊതുസമൂഹത്തിന് കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള മാർഗങ്ങൾ പലരും നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ വ്യത്യസ്ത രീതിയിൽ ജനങ്ങൾക്ക് ബോധവത്കരണവുമായി എത്തുകയാണ് ഒരു അധ്യാപകൻ.

കോഴിക്കോട് കൊടിയത്തൂർ സ്വദേശിയായ പ്രശാന്ത് എന്ന അധ്യാപകനാണ് പാവനാടകത്തിലൂടെ വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, സർക്കാർ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെ വിമർശിച്ചും, കൊറോണക്കാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ചുമൊക്കെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. അതോടൊപ്പം കൊറോണ വൈറസുമായി ബന്ധപ്പെട്ട് സമൂഹത്തിൽ പ്രചരിക്കുന്ന വ്യാജവാർത്തകളെക്കുറിച്ചും പാവനാടകത്തിൽ അവതരിപ്പിക്കുന്നുണ്ട്.

“വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീട്ടിലിരുന്ന് സർഗാത്മക പ്രവർത്തനത്തിലാണ്. സമൂഹിക പ്രതിബദ്ധത നിറവേറ്റാനായി കൂടി ഈ സമയം നമുക്ക് വിനിയോഗിക്കാമല്ലൊ…കൊറോണ- വ്യാപനം, ജനങ്ങളിലെ അശാസ്ത്രിയ ചിന്തകൾ, സർക്കാർ നിർദ്ദേശങ്ങൾ വിലക്കെടുക്കാത്ത അവസ്ഥ എല്ലാം പ്രമേയമാക്കി ഒരു പാവനാടകം തയ്യാറാക്കിയിരിക്കുന്നു.

സ്റ്റേജ്, സ്റ്റുഡിയോ, റിക്കോർഡിംഗ്, തുടങ്ങി എല്ലാ ഘട്ടങ്ങളും വീട്ടിലിരുന്നു തന്നെ ചെയ്യേണ്ടി വന്നു… കഥാപാത്രങ്ങൾക്ക് ശബ്ദം നൽകാനും അവതരണത്തിനും ഭാര്യയും മകനും ഒപ്പം ചേർന്നു ….
കൊറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുത്തു വരുന്ന നടപടികൾക്ക് ഊർജം പകരാൻ എനിക്കാവുന്നത് ചെയ്യാനുള്ള ശ്രമം കൂടിയാണ്….

സാമൂഹിക അകലം സൂക്ഷിക്കേണ്ട സാഹചര്യമായതിനാൽ പതിവിൽ നിന്ന് വിപരീതമായി പാവനാടകസംഘത്തിന്റെ അവതരണത്തിനു പകരം സോഷ്യൽ മീഡിയ വഴിയാണ് പ്രചരണം ഉദ്ദേശിക്കുന്നത്” എന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രശാന്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.