ഇതാണ് സാമൂഹിക അകലം; മാതൃകയായി മയിലുകൾ

കൊറോണ വൈറസ് എന്ന മഹാമാരിയിൽ നിന്നും രക്ഷനേടാൻ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് സാമൂഹിക അകലം പാലിക്കുന്ന ഒരു കൂട്ടം മയിലുകളുടെ ചിത്രങ്ങൾ.

രാജസ്ഥാനിലെ നാഗൂറിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. സ്കൂൾ വരാന്തയിൽ മയിലുകൾ വിശ്രമിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. സാമൂഹിക അകലം പാലിക്കേണ്ടത് എങ്ങനെയെന്ന് ദേശീയപക്ഷികൾ കാണിച്ചുതരും എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും.

അതേസമയം ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് 200-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. ലോകത്ത് ഒരു ലക്ഷത്തില്‍ അധികം പേര്‍ ഈ മഹാമാരി മൂലം മരണപ്പെട്ടു.