കൊവിഡ് കാലത്ത് ഗർഭിണികൾക്കും വേണം ഏറെ കരുതൽ

Photo of a pregnant woman relaxing in nature on a beautiful sunny day

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിചരണവും ശ്രദ്ധയും നൽകേണ്ട സമയമാണ് ഗർഭകാലം. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതൽ ഉറക്കം വരെ എല്ലാ കാര്യങ്ങളിലും ഏറ്റവും ശ്രദ്ധ ചെലുത്തണം… എന്നാൽ കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഗർഭിണികൾക്കും വേണം ഏറെ കരുതൽ. ഈ ദിവസങ്ങളിൽ വീടുകളിൽ ഇരിക്കുമ്പോൾ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ശ്രദ്ധിക്കണം.

എപ്പോഴും സന്തോഷത്തോടെ ഇരിക്കുക

ഗർഭകാലത്ത് അമ്മ സന്തോഷവതിയായി ഇരുന്നാൽ മാത്രമേ, ആരോഗ്യമുള്ള  കുട്ടിയ്ക്ക് ജന്മം നല്കാൻ സാധിക്കൂ. അതുപോലെ ഗർഭിണി ആയിരിക്കുമ്പോൾ അമ്മ ചെയ്യുന്ന ഓരോ കാര്യങ്ങളും കുട്ടികളുടെ വളർച്ചയിലും പ്രധാന ഘടകമാകാറുണ്ട്. അതുകൊണ്ടുതന്നെ ഗർഭിണികൾ എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ശ്രദ്ധിക്കണം. ഗർഭകാലത്ത്‌ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ ഏറെയാണ് അതിനാൽ ഏറ്റവും ശ്രദ്ധയോടെ വേണം ഈ കാലഘട്ടത്തെ അതിജീവിക്കാൻ.

ഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തുക 

ഗർഭിണിയായിരിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ കരുതൽ വേണം. ഈ സമയങ്ങളിൽ ഏറ്റവും ആരോഗ്യഗുണമുള്ള, പോഷകാഹാരം കഴിക്കണം. പയർ വർഗങ്ങൾ, പഴവർഗങ്ങൾ, നട്‌സ് തുടങ്ങി ഓരോ ഭക്ഷണം കഴിക്കുമ്പോഴും അത് ശരീരത്തിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതെന്ന് ഉറപ്പുവരുത്തണം. വെള്ളം കുടി നിർബന്ധമാക്കണം. ഗർഭകാലത്ത് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ വെള്ളം നന്നായി കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും നല്ലത്.

വസ്ത്രധാരണം 

ചൂടുകാലത്താണ് ഗർഭിണികളിൽ ഏറ്റവുമധികം അസ്വസ്ഥതകൾ ഉണ്ടാകാറുള്ളത്. അമ്മയിൽ ഉണ്ടാകുന്ന ആസ്വസ്ഥതകൾ കുട്ടികളെയും ബാധിക്കുമെന്നതിനാൽ ചൂട് കാലത്ത് സ്ത്രീകൾ ഏറ്റവും ശ്രദ്ധ ചെലുത്തണം. ഇറുകിയ കടും കളർ വസ്ത്രങ്ങൾക്ക് പകരം അയഞ്ഞ ലൈറ്റ് കളർ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.

നന്നായി ഉറങ്ങുക 

ഉറക്കം എല്ലാവർക്കും അത്യാവശ്യമാണ്. എന്നാൽ ഗർഭിണിയായിരിക്കുമ്പോൾ നന്നായി ഉറങ്ങണം. ഉറക്കം ലഭിക്കാത്ത പക്ഷം വൈദ്യസഹായം തേടി കൃത്യസമയം ഉറങ്ങുന്നുവെന്ന് ഉറപ്പുവരുത്തണം.