ലോക്ക് ഡൗൺ കാലത്തെ നന്മ; ചൂടിൽ ഉരുകിയൊലിച്ച ടാറിൽ കുരുങ്ങി നായക്കുട്ടികൾ, രക്ഷകരായി ചില നന്മ മനുഷ്യർ…

April 1, 2020

കൊറോണ വൈറസ് എന്ന മഹാമാരിയ്ക്ക് പുറമെ സംസ്ഥാനത്തെ അന്തരീക്ഷ താപനിലയും വർധിച്ചുവരികയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആളുകൾ വീടിനകത്ത് ഒതുങ്ങികൂടി, അതിനാൽ പുറത്തെ ചൂട് അധികമാരും അറിയുന്നില്ല. എന്നാൽ ചൂടിൽ ഉരുകിയൊലിച്ച ടാറിൽ കഴിഞ്ഞ ദിവസം നാല് നായക്കുട്ടികളാണ് കുരുങ്ങിയത്.

ഇവയെ രക്ഷിക്കാൻ കഴിയാതെ നിസ്സഹായയായി നിന്ന അമ്മയുടെ അരികിലേക്ക് രക്ഷകരായി എത്തിയ പൊലീസുകാരും ദയ അനിമൽ വെൽഫെയർ ഓർഗനൈസേഷനിലെ ജീവനക്കാരുമാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ ആകർഷിക്കുന്നത്.

“ഇന്നലെ രാത്രി 9 മണിയോടെ ആണ് പട്ടിമറ്റത്തു നിന്നും 4 നായകുട്ടികൾ ടാർപറ്റിയിരിക്കുന്ന വിവരം ലഭിച്ചത്..ഞങ്ങൾക്ക് വിവരം ലഭിക്കുമ്പോൾ അതിൽ ഒരാൾ മരിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്…വിവരം അറിഞ്ഞ ഉടനെ തന്നെ പോലീസിൽ വിവരം അറിയിച്ചു ഞങ്ങളുടെ ടീം സ്ഥലത്തേക്ക് പായുകയായിരുന്നു. ഉപയോഗശൂന്യമായ ഒരു ലോറിയുടെ അടിയിൽ ഒരുക്കിയ ടാർ ഒഴുകി വന്നതിൽ കുരുങ്ങുകയായിരുന്നു പാവങ്ങൾ… ലോറിയുടെ അടിയിൽ നിന്ന് പൂർണമായി അവരെ പുറത്തെടുക്കുന്നത് ദുർക്കടം ആയിരുന്നു അതിനാൽ അടിയിലുള്ള മണ്ണ് കൂടെ ചേർത്ത് കുഴിച്ചു പുറത്തെടുക്കുകയായിരുന്നു…. മരിച്ചെന്നു കരുതിയ നാലാമനെയും അത്ഭുതകരമായി ഞങ്ങൾക്ക് രക്ഷപെടുത്താൻ കഴിഞ്ഞു
4 നായകുട്ടികളും പൂർണ്ണ ആരോഗ്യവാന്മാരാണ്… ശരീരത്തിൽ പറ്റിപ്പിടിച്ച ടാർ കളയുന്ന തിരക്കിൽ ആണ് ഞങ്ങളുടെ ടീം.” ചിത്രം പങ്കുവെച്ചുകൊണ്ട് ദയ അനിമൽ വെൽഫയർ ടീം കുറിച്ചു.