‘ഇങ്ങനെ ഇങ്ങനെ കഴുകൂ’; വൈറലായി ഒരു കൈകഴുകൽ വീഡിയോ

കൊറോണ വൈറസിനെ തടയുന്നതിയായി ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകഴുകാനും സാമൂഹിക അകലം പാലിക്കാനുമൊക്കെയാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൊറോണ വൈറസിനെതിരെ ബോധവത്കരണം നടത്തുന്നതിനായി സിനിമാ താരങ്ങളും കുട്ടികളുമുൾപ്പെടെ നിരവധി ആളുകൾ വ്യത്യസ്ത വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ഒരു കൈകഴുകൽ വീഡിയോ.

ഇത്തവണ കൈകഴുകൽ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് മനുഷ്യനല്ല എന്നതാണ് ഏറെ ആകർഷണം. ഒരു റാക്കൂണിന്റെ കൈകഴുകൽ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ പര്‍വീന്‍ കസ്വാന്‍ ആണ് ഈ കൈകഴുകൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പതിനഞ്ച് സെക്കന്റ് മാത്രമാണ് ഈ വീഡിയോയുടെ ദൈർഘ്യം. റാക്കൂണിന്റെ അടുത്തായി രണ്ട് പാത്രങ്ങൾ വെച്ചിട്ടുണ്ട്. ഒന്നിൽ വെള്ളവും മറ്റതിൽ സോപ്പുമാണ് നിറച്ചിരിക്കുന്നത്. ആദ്യം വെള്ളം നിറച്ചിരിക്കുന്ന പാത്രത്തിൽ കൈമുക്കുന്നു. പിന്നീട് സോപ്പ് നിറച്ചിരിക്കുന്ന വെള്ളത്തിൽ കൈമുക്കി വൃത്തിക്ക് തേച്ച് കഴുകിയ റാക്കൂൺ അവസാനം വീണ്ടും സാധാരണ വെള്ളത്തിൽ കൈകൾ കഴുകുന്നതും വീഡിയോയിൽ കാണാം.

സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തിയ വീഡിയോ നിരവധിപ്പേരാണ് പങ്കുവെച്ചിരിക്കുന്നത്.