‘ഇതാവണമെടാ കളക്ടർ’- എറണാകുളം കളക്ടറെ അഭിനന്ദിച്ച് രഞ്ജി പണിക്കരും മമ്മൂട്ടിയും

ലോക്ക് ഡൗൺ സമയത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാകുന്നതിലൂടെ ഒട്ടേറെ ജനപ്രതിനിധികളും അധികാരികളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. അത്തരത്തിൽ പ്രവർത്തനം കൊണ്ട് ശ്രദ്ധേയനാകുകയാണ് എറണാകുളം കളക്ടർ എസ്. സുഹാസ്.

കൊച്ചി നഗരത്തിൽ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന ഒരു തുരുത്താണ് താന്തോന്നിത്തുരുത്ത്. വഞ്ചിയിലല്ലാതെ താന്തോണിത്തുരുത്തിൽ എത്താൻ മാർഗമില്ല. പാവപ്പെട്ട 65 കുടുംബങ്ങളാണ് ഈ തുരുത്തിലുള്ളത്.സ്ഥിര വരുമാനക്കാരല്ലാത്ത ഈ കുടുംബങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി അറിയാനും ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ നൽകാനുമായി കഴിഞ്ഞ ദിവസം വള്ളത്തിൽ സാധനങ്ങളുമായി കളക്ടർ അവിടേക്ക് എത്തിയിരുന്നു. ഇക്കാര്യം അദ്ദേഹം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.

ഇപ്പോൾ കളക്ടറെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിനിമ താരങ്ങളായ മമ്മൂട്ടിയും രഞ്ജി പണിക്കരും. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ഡയലോഗാണ് കളക്ടറെ വിശേഷിപ്പിക്കാൻ രഞ്ജി പണിക്കർ ഉപയോഗിച്ചത്.

‘രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കളക്ടർ ശ്രീ സുഹാസ് ഐ. എ.എസ്.
ഓററപ്പെട്ട തുരുത്തി ലേയ്ക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കലക്ടറുടെ തോണി യാത്ര. .ഒറ്റയ്ക്ക്. ഇതാവണമെടാ കളക്ടർ..സെൻസ്, സെന്സിബിലിറ്റി..സുഹാസ്’. രഞ്ജി പണിക്കർ കുറിക്കുന്നു. രഞ്ജി പണിക്കരുടെ ഈ പോസ്റ്റ് മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

നിരവധി പ്രവർത്തനങ്ങളാണ് രാപകലില്ലാതെ എറണാകുളം കളക്ടർ നിർവഹിക്കുന്നത്. താന്തോന്നിതുരുത്തിൽ ഈ ലോക്ക്ഡൗൺ കാലത്ത് അവർക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള കിറ്റുകൾ വിതരണം ചെയ്തു. അരിയും പലവ്യഞ്ജനവും അടക്കം 17 ആവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.