പ്രശസ്ത സിനിമാ താരം ശശി കലിംഗ അന്തരിച്ചു

April 7, 2020

തിയേറ്ററുകളില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന പ്രശസ്ത ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു താരം.

നാടകവേദിയില്‍ നിന്നുമാണ് ശശി കലിംഗ സിനിമയിലേയ്ക്ക് എത്തിയത്. വി ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. നാട്ടിലും വീട്ടിലും ശശി എന്നറിയപ്പെട്ട താരത്തിന് സംവിധായകന്‍ രജ്ഞിത്ത് ആണ് നാടകട്രൂപ്പായ കലിംഗയുടെ പേര് ഒപ്പം ചേര്‍ത്തുനല്‍കിയത്. അങ്ങനെ ചലച്ചിത്രരംഗത്ത് ശശി കലിംഗ എന്നായി. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് സജീവമായിരുന്നു താരം.

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് ശശി കലിംഗ സിനിമാ രംഗത്ത് അരങ്ങേറ്റംകുറിച്ചത്. സ്വയസിദ്ധമായ ചിരിയും സംഭാഷണ ശൈലിയുമൊക്കെ അദ്ദേഹത്തെ വെള്ളിത്തിരയില്‍ ശ്രദ്ധേയനാക്കി.

നൂറിലധികം മലയാള സിനിമയില്‍ വ്യത്യസ് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി താരം. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റ്, കസബ, ആമേന്‍, പുലിമുരുകന്‍, ഇന്ത്യന്‍ റുപ്പി, അമര്‍ അക്ബര്‍ ആന്റണി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2019-ല്‍ തിയേറ്ററുകളിലെത്തിയ കുട്ടിമാമ എന്ന ചിത്രത്തിലാണ് താരം അവസാനമായി വേഷമിട്ടത്.