ആരോഗ്യപ്രവർത്തകർക്ക് നൃത്തത്തിലൂടെ നന്ദി പറഞ്ഞ് താരങ്ങൾ; മനോഹരം ഈ വീഡിയോ

ലോകം കടന്നുപോകുന്നത് വളരെ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ്. ആരോഗ്യപ്രവർത്തകരും അധികൃതരും കൊവിഡ്-19 എന്ന മഹാമാരിയെ തുരത്തിയോടിക്കാൻ രാപകലില്ലാതെ കഷ്ടപ്പെടുകയാണ്. ലോകജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കുന്ന അധികൃതർക്ക് നന്ദി അർപ്പിച്ചുകൊണ്ട് നിരവധി വീഡിയോകൾ സമൂഹമാധ്യങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്. എത്ര നന്ദി പറഞ്ഞാലും തീരില്ല അവരോടുള്ള കടപ്പാട്. ഇപ്പോഴിതാ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾക്ക് നന്ദി അറിയിക്കുന്ന ഒരു നൃത്ത വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മലയാള സിനിമ- സീരിയൽ രംഗത്തെ താരങ്ങൾ.

പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ഈ വീഡിയോ ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘കൊവിഡ്- 19 ഫ്ളവേഴ്സ്- 20’ എന്ന ദൃശ്യവിസ്മയത്തിലൂടെയാണ് ഔദ്യോഗികമായി റിലീസ് ചെയ്‌തത്‌. കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് കലാകാരന്മാര്‍ നേരിട്ട് കാണാതെ വിനോദപരിപാടികള്‍ ചിത്രീകരിക്കുന്നതാണ് ‘കൊവിഡ്- 19 ഫ്ളവേഴ്സ്- 20’ എന്ന പരിപാടി.

വീട്ടിലിരുന്നുകൊണ്ട് മൊബൈൽ ഫോണിൽ ചിത്രീകരിച്ച വ്യത്യസ്ത വീഡിയോകൾ കോർത്തിണക്കിയാണ് പുതിയ വീഡിയോ ഒരുക്കിയത്. ‘നന്ദി നിങ്ങൾക്ക് നന്ദി’ എന്ന് തുടങ്ങുന്ന അരുൺ രാമചന്ദ്രൻ ആലപിച്ച ഗാനത്തിനാണ് താരങ്ങൾ നൃത്തച്ചുവടുകൾ ഒരുക്കിയത്. ജയരാജ് കട്ടപ്പനയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് യദു കൃഷ്ണനാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു കേരള ജനത.