കണ്ണൂർ ജില്ലയിൽ അതീവ ജാഗ്രത; മാർച്ച് 12 ന് ശേഷം നാട്ടിലെത്തിയ പ്രവാസികളുടെ സാമ്പിൾ പരിശോധിക്കും

കണ്ണൂർ ജില്ലയിൽ കൊറോണ വൈറസ് ബാധ കൂടുതൽ ആളുകളിൽ സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രങ്ങൾ ശക്തമാക്കിയിരുന്നു. ജില്ലയിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് പത്ത് പേരിലാണ്. ഇതിൽ 9 പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പടർന്നത്. ഇതോടെ കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് കണ്ണൂർ ജില്ലയിലാണ്.

ഈ സാഹചര്യത്തിൽ മാർച്ച് 12 ന് ശേഷം കണ്ണൂരിലെത്തിയ എല്ലാവരുടെയും അവർ അടുത്തിടപഴകിയവരുടെയും സാമ്പിൾ പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. കണ്ണൂരിൽ 4365 പേരാണ് നിരീക്ഷണത്തിലുള്ളത്. 4263 പേർ വീടുകളിലും 102 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

അതേസമയം ജില്ലയിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെയും കർശനമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വീടുകളിൽ എത്തിച്ച് നൽകുമെന്നും അധികൃതർ അറിയിച്ചു. ഇതിനായി എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും കോൾ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. 

ജില്ലയിൽ വില്ലേജ് അടിസ്ഥാനത്തിൽ അതിർത്തികൾ പൂർണമായും അടയ്ക്കും. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റീനിൽ ചെയ്യും. വാഹനങ്ങൾ അനാവശ്യമായി നിരത്തിലിറക്കിയാൽ പിടിച്ചെടുക്കാനും നിർദ്ദേശങ്ങളുണ്ട്.