ചെളിയിൽ കുതിർന്ന് ദിലീഷ് പോത്തൻ, അലറിക്കരഞ്ഞ് സുരഭി ലക്ഷ്മി; വൈറൽ ചിത്രം

പഴയകാല ചിത്രങ്ങൾ കുത്തിപ്പൊക്കുന്നത് സമൂഹമാധ്യമങ്ങളിൽ ഒരു ഹരമായി മാറിക്കഴിഞ്ഞു. ചലച്ചിത്രതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ കൂടുതലും വൈറലാകുന്നത്. ഇപ്പോഴിതാ സംവിധായകനും നടനുമായ ദിലീഷ് പോത്തന്റെയും നടി സുരഭി ലക്ഷ്മിയുടെയും ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നാടകരംഗത്ത് സജീവമായിരുന്ന കാലത്തെ ഇരുവരുടെയും ചിത്രങ്ങൾ സുരഭി ലക്ഷ്മിയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ദേഹത്താകെ ചെളിയുമായി നിലത്ത് വീണു കിടക്കുന്ന ദിലീഷും, പിന്നിൽ അലറിക്കരയുന്ന സുരഭിയുമാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘പഴയ നാടകകാലത്തിന്റെ ഓര്‍മ്മ…. ദിലീഷ് പോത്തനും ഞാനും പിന്നെ ശരത്തും. എംഎം തിയേറ്റര്‍ പഠന കാലത്ത് ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ മൂന്ന് ദിവസത്തെ പ്രശാന്ത് നാരായണന്‍ സാറിന്റെ തിയറ്റര്‍ വര്‍ക്ക് ഷോപ്പില്‍ അവതരിപ്പിച്ച നാടകത്തില്‍ നിന്ന് ഒരു ക്ലിക്ക്.’ ചിത്രം പങ്കുവെച്ചുകൊണ്ട് സുരഭി ലക്ഷ്മി കുറിച്ചു.

അതേസമയം ലോക്ക് ഡൗൺ കാലത്ത് പറമ്പിൽ തൂമ്പ പണിയെടുക്കുന്ന സുരഭിയുടെ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജിബൂട്ടി എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദിലീഷ് പോത്തൻ ആഫ്രിയ്ക്കയിലെ ജിബൂട്ടിയിലാണ് ഇപ്പോൾ ഉള്ളത്.