ഭിന്നശേഷിക്കാരന്റെ ബാങ്ക് വായ്‌പ പലിശ സഹിതം അടച്ച് തീർത്ത് സുരേഷ് ഗോപി

കാരുണ്യപ്രവർത്തികളിൽ സജീവമാണ് നടൻ സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ എത്തും മുൻപ് തന്നെ അദ്ദേഹം മറ്റുള്ളവരെ സഹായിക്കാൻ മുൻകൈ എടുത്തിരുന്നു. ഇപ്പോൾ ഭിന്നശേഷിക്കാരന്റെ ബാങ്ക് വായ്‌പ തുക അടച്ച് തീർത്തിരിക്കുകയാണ് സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെ പുല്ലൂറ്റ് സ്വദേശിയായ അനീഷിന്റെ അവസ്ഥ അറിഞ്ഞതിനു ശേഷമാണ് സുരേഷ് ഗോപി സഹായഹസ്തം നീട്ടിയത്.

ഒരു കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നതിനായാണ് അനീഷ് ഫെഡറൽ ബാങ്കിൽ നിന്നും വായ്‌പ എടുത്തത്. രണ്ടരലക്ഷം രൂപയാണ് വായ്‌പ എടുത്തത്. എന്നാൽ ഭിന്നശേഷിക്കാർക്കായി ലഭിക്കുന്ന പെൻഷൻ തുക ബാങ്ക് വായ്പയിലേക്ക് പിടിച്ചു. ഇക്കാര്യം ഫേസ്ബുക്കിലൂടെ അനീഷ് അറിയിച്ചത് ശ്രദ്ധയിൽപെട്ട സുരേഷ് ഗോപി അടവ് ബാക്കിയുണ്ടായിരുന്ന രണ്ടുലക്ഷത്തിനടുത്ത് തുക അടയ്ക്കുകയായിരുന്നു.

കൊവിഡ് കാലത്ത് ഏറ്റവും സഹായം ആവശ്യം വന്ന കാസർകോടിന് സുരേഷ് ഗോപി കൈത്താങ്ങായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രി കൊവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്‌സ്‌റേയും തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് സാമ്പത്തിക സഹായമായി കാസര്‍കോട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി 25 ലക്ഷം രൂപ സഹായം അറിയിക്കുകയായിരുന്നു.