കാല്‍നൂറ്റാണ്ടോളം കലാരംഗത്തെ നിറസാന്നിധ്യം; ഷാബുരാജ് ഓര്‍മ്മയാകുമ്പോള്‍ നികത്താനാവാത്ത നഷ്ടം

April 22, 2020

മരണത്തെ രംഗ ബോധമില്ലാത്ത കോമാളി എന്നു വിശേഷിപ്പിക്കാറുണ്ട് പലരും. പലപ്പോഴും അത് ശരിയാണെന്ന് തോന്നാറുണ്ട്. അത്രമേല്‍ പ്രിയപ്പെട്ടവരെ മുന്നറിയിപ്പില്ലാതെ പെടുന്നനെ മരണം കവര്‍ന്നെടുക്കാറുണ്ട്. കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് മിമിക്രി താരം ഷാബുരാജിന്റെ മരണം. ഇന്നലെ രാവിലെ 11.30-ന് ശേഷമാണ് മരണം സംഭവിക്കുന്നത്. സംസ്‌ക്കാരം വൈകുന്നേരം 5 മണിക്ക് കല്ലമ്പലം പുതുശ്ശേരിമുക്ക് ചന്ദ്രികാ ഭവനില്‍ നടന്നു.

ഫ്ളവേഴ്സ് ടിവിയിലെ വിവിധ കോമഡി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷാബു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കലയെ ജീവനു തുല്യം അദ്ദേഹം സ്‌നേഹിച്ചു. സ്റ്റേജ് പ്രോഗ്രാമുകള്‍ ഇല്ലാത്ത സമയത്ത് കൂലിപ്പണിക്കുപോയാണ് ഷാബു കുടുംബം പുലര്‍ത്തിയിരുന്നത്. ഷാബുവിന്‍റെ തീരാ നഷ്ടത്തോടെ കുടുംബത്തിന്‍റെ ആശ്രയമാണ് ഇല്ലാതായത്. ‘ഫ്ളവേഴ്സ് ഫാമിലി’ അദ്ദേഹത്തിന്റെ വീട്ടിലെത്തി സാമ്പത്തിക സഹായം നല്‍കിയിരുന്നു.

കാല്‍നൂറ്റാണ്ടോളം കലാരംഗത്തെ നിറസാന്നിധ്യമായിരുന്നു ഷാബുരാജ്. 25 വര്‍ഷത്തിലേറെയായി മിമിക്രി രംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹം ടെലിവിഷന്‍ പ്രോഗ്രാമുകളിലും സജീവമായിരുന്നു. ആറ്റിങ്ങല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന കലാസമിതിയിലൂടെയാണ് ഷാബു മിമിക്രി രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തെക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട മിമിക്രി ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റിലെ കോമഡിസ്റ്റാര്‍സ് സീസണ്‍ ഒന്നില്‍ കോമഡി കസിന്‍സ് എന്ന ടീമിലൂടെ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി. രസികന്‍ കഥാപാത്രങ്ങളെ വര്‍ണ്ണനകള്‍ക്ക് അതീതമായി അടയാളപ്പെടുത്താന്‍ മിടുക്കനായിരുന്നു ഷാബുരാജ്. അതുതന്നെയാണ് അദ്ദേഹത്തെ പ്രേക്ഷകര്‍ക്കിടയില്‍ അത്രമേല്‍ സ്വീകാര്യനാക്കിയതും.

പ്രണയ വിവാഹമായിരുന്നു ഷാബുവിന്റേത്. ഭാര്യ ഹൃദ്രോഗിയാണ്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കിവെച്ചാണ് ഷാബു യാത്രയായത്. പിതാവ് – ഉണ്ണികൃഷ്ണന്‍, മാതാവ്- ശ്യാമള, ഭാര്യ-ചന്ദ്രിക, മക്കള്‍-ജീവന്‍, ജ്യോതി, ജിത്തു, വിഷ്ണു.