‘ജുബ്ബയും മുണ്ടുമുടുത്ത്, പറ്റെ വെട്ടിയ മുടിയുമായി ഭാര്യ സുലുവിനൊപ്പം വന്നിറങ്ങിയ മമ്മുക്ക’- മോഹൻലാൽ- സുചിത്ര വിവാഹ ഓർമ്മകൾ പങ്കുവെച്ച് വാഴൂർ ജോസ്

April 29, 2020

കൊവിഡ് കാലത്ത് മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷങ്ങൾ ഒന്നുമില്ലാതെ ഒഴിവാക്കി നടൻ മോഹൻലാലും സുചിത്രയും. എന്നാൽ ആരാധകരും സിനിമാപ്രവർത്തകരും ആ ഓർത്തുവെച്ച് ആശംസയും വിവാഹദിനത്തിലെ രസകരമായ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുകയാണ്.

വിവാഹദിനത്തിലെ ഓർമ്മകൾ പങ്കുവയ്ക്കുന്നത് സിനിമ പി ആർ ഓ വാഴൂർ ജോസ് ആണ്. വാഴൂർ ജോസിന്റെ വാക്കുകൾ ഇങ്ങനെ;

വിവാഹ വാർഷികം ആഘോഷിക്കുന്ന മോഹൻലാലിനും സുചിത്രക്കും ആയുരാരോഗ്യങ്ങൾ നേരുന്നു.

‘തിരനോട്ടം’ സിനിമയുടെ ചിത്രീകരണ വേളയിൽ കോവളത്തു വച്ചായിരുന്നു തികച്ചും അവിചാരിതമായി മോഹൻലാലിനെ കാണുന്നത്.

കൃഷ്ണചന്ദ്രൻ അഭിനയിക്കുന്ന പടത്തിൻറെ ഷൂട്ടിംഗ് നടക്കുന്നു എന്നറിഞ്ഞാണ് കോവളത്തെ ലൊക്കേഷനിലെത്തുന്നത്. പിന്നിടാണ് അതു കൃഷ്ണചന്ദ്രനല്ലെന്നും പുതിയൊരു നടനാണ് പേര് മോഹൻലാൽ ആണന്നും മനസ്സിലായത്. സംവിധായകൻ അടക്കം ആരെയും തീർത്തും അറിയില്ലായിരുന്നു. ഞാൻ സിനിമയിൽ പ്രവർത്തിക്കുവാൻ തുടങ്ങിയിരുന്നുമില്ല. പിന്നീട് സിനിമാ മാസിക ചിത്രരമ – പ്രസിദ്ധീകരണത്തിൽ ജോലി ചെയ്യുമ്പോൾ കഴക്കൂട്ടം ത്യാഗരാജനോടൊപ്പം കൊടൈക്കനാലിൽ വച്ചാണ് മോഹൻലാലിനെ കാണുന്നത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിൻറെ സെറ്റായിരുന്നു അത്. പിന്നീട് ശശികുമാർ സാർ – തമ്പി കണ്ണന്താനം എന്നിവരുമായുള്ള എൻറെ ആത്മബന്ധത്തിലൂടെ മോശമല്ലാത്ത ഒരു സൗഹൃദം ഉണ്ടായി.

തിരുവനന്തപുരത്തെ എൻറെ വീട്ടിൽ വന്നിട്ടുണ്ട്. വീടിൻറെ നേരെ മുന്നിലുള്ള ഗവ.ആർട്സ് കോളജിൽ ഒരു മാസത്തോളം തുളസിദാസ് സംവിധാനം ചെയ്ത ‘കോളജ് കുമാര’ൻറെ ചിത്രീകരണ വേളയിലും, ബ്ലസ്സിയുടെ ‘തന്മാത്ര’ സമയത്തുമാണത്. ഇവിടെ വീട് വയ്ക്കാൻ കഴിഞ്ഞതിൻറെ ആശംസയും നേർന്നിരുന്നു. ഇവിടെ എത്തുമ്പോൾ പഴയ കാര്യങ്ങൾ ഓർമ്മ വരുന്നു എന്നാണ് പറയുക. ഉണ്ണീസ് സ്റ്റോറൊക്കെ ഇപ്പോഴുമുണ്ടോയെന്നു ചോദിച്ചിരുന്നു.

കഴിഞ്ഞ മുപ്പതിലേറെ വർഷക്കാലമായി മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും ഏതെങ്കിലും സെറ്റിൽ വച്ചോ, ഏതെങ്കിലും ചടങ്ങുകളിൽ വച്ചോ കണ്ടിട്ടുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുമ്പ്, നവോദയാ സ്റ്റുഡിയോയിൽ വച്ചും, കൊച്ചിയിലെ ഒരു പരസ്യ ചിത്രീകരണസ്ഥലത്തും വരെ. ഈ ലോക്ക് ഡൗൺ കാലത്തും ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു.

ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ ട്രിവാൻഡ്രം ക്ലബ്ബിലെ അന്നത്തെ കാര്യങ്ങളൊക്കെ ഓർക്കുന്നു.

ഊണുകഴിക്കാതെ നിന്നവരുടെ ദേഹത്തു തട്ടി നസീർ സാർ വാ ജോസ്സേ നമുക്ക് ഊണുകഴിക്കാം, എന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിൻറെ കൂടെ ഊണു കഴിക്കാനുള്ള തിരക്കും. ജുബ്ബയും മുണ്ടുമുടുത്ത്, പറ്റ വെട്ടിയ മുടിയുമായി ഭാര്യ സുലുവിനൊപ്പം വന്നിറങ്ങിയ മമ്മുക്കയുടെ വരവുമൊക്കെ ഇന്നും മനസ്സിൽ. ഇണപിരിയാത്ത ചങ്ങാതിമാരേപ്പോലെ എം.ജി. സോമേട്ടനും കെ.പി.എ.സി.സണ്ണിച്ചായനുമൊക്കെ ഓടി നടക്കുന്നത്. പറയാൻ പോയാൽ ഒരുപാടുണ്ട്. ഈ ലോക്ക് ഡൗൺ കാലത്ത് ഈ ഓർമ്മകളൊക്കെയല്ലേ നമുക്കു പ്രത്യാശ പകരുന്നത്‌. എന്നേക്കാളും എത്രയോ ആഴത്തിൽ ബന്ധമുള്ള നിരവധി പേർ ഈ കൂട്ടായ്മയിലുണ്ടല്ലോ ? അവരുടെ ഓർമ്മകളും പങ്കുവയ്ക്കാം.

വാഴൂർ ജോസ്.