ഇന്ന് വിഷു: കൊവിഡ് എന്ന മഹാവിപത്ത് ലോകത്തെ പൂർണമായും വിട്ടൊഴിയുന്ന നല്ല നാളേക്കായി ശുഭപ്രതീക്ഷയോടെ മലയാളികൾ

‘മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും…’

പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി കാത്തിരിക്കുന്ന ദിനം…വരാനിരിക്കുന്ന നല്ല നാളുകളിലേക്ക് ലോകമലയാളികൾ കണികണ്ടുണരുന്ന ദിനം..’വിഷു’..വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും…എന്നാൽ ഇത്തവണത്തെ വിഷുവിനെ എതിരേൽക്കാൻ ആർഭാടങ്ങളും ആഡംബരങ്ങളുമില്ല. കൊറോണ വൈറസ് എന്ന മഹാമാരിയെത്തുടർന്ന് ലോകമലയാളികളുടെ വിഷുവും മനസ്സുകളിലേക്ക് മാത്രം ഒതുങ്ങിക്കൂടി.

ഇത്തവണത്തെ വിഷുവിന് മലയാളികൾ ഒന്നടങ്കം പ്രാർത്ഥിക്കുകയാണ്, സ്വപ്നം കാണുകയാണ് കൊവിഡ് എന്ന മഹാവിപത്ത് ലോകത്തെ പൂർണമായും വിട്ടൊഴിയുന്ന ഒരു നല്ല നാളേക്കായി.

മലയാളികൾക്ക് ഐശ്വര്യത്തിന്റെ പൊൻ പുലരിയാണ് വിഷു. പുതുവർഷത്തിലേക്കുള്ള ചവടുവെയ്പ്പ്.  സ്നേഹത്തിന്റെ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയുടെ പീതവര്‍ണവും കൈനീട്ടത്തിന്റെ ഐശ്വര്യവും സമ്മാനിച്ച്  മലയാളിക്ക് പ്രതീക്ഷയുടെ മാസമാണ് മേടം.

 വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ മലയാളികളുടെ മറ്റൊരു വിശ്വാസം. കേരളീയരുടെ കാര്‍ഷികോത്സവം എന്നും വിഷു  അറിയപ്പെടുന്നു.  പഴയ വിശ്വാസമനുസരിച്ച് കാര്‍ഷിക സമൂഹമായ കേരളത്തിന്റെ ഭൂപ്രകൃതിയിലാകെ മാറ്റത്തിന്റെ കാലമാണിത്. വയലുകളില്‍ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്ന കാലം. വിഷുക്കാലത്ത് എങ്ങും ഉത്സവ പ്രതീതിയാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും  സ്നേഹത്തിന്റെയും ഉത്സവം.