നയാഗ്രാ വെള്ളച്ചാട്ടത്തില്‍ വീണാല്‍ രക്ഷപ്പെടല്‍ സാധ്യമോ; ചരിത്രത്തെപ്പോലും അത്ഭുതപ്പെടുത്തിയ സംഭവങ്ങള്‍

മനുഷ്യരുടെ പ്രവചനങ്ങള്‍ക്കും അതീതമാണ് പലപ്പോഴും പ്രകൃതിയിലെ പ്രതിഭാസങ്ങള്‍. നയാഗ്ര വെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടറിവ് പോലുമില്ലാത്തവര്‍ വിരളമായിരിക്കാം. പ്രകൃതി ഒരുക്കിയ ഈ മനോഹരദൃശ്യവിരുന്ന് ആസ്വദിക്കാനെത്തുന്നവരും നിരവധിയാണ്.

കനേഡിയന്‍ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോര്‍ക്കിനുമിടയില്‍ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ മനോഹരമായ കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്ല്‍ ഫാള്‍സ്, കനേഡിയന്‍ ഹോഴ്സ് ഷൂ ഫാള്‍സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് നയാഗ്ര വെള്ളച്ചാട്ടം രൂപംകൊണ്ടിരിക്കുന്നത്.

മണിക്കൂറില്‍ 68 കിലോമീറ്റര്‍ വേഗതയിലാണ് നയാഗ്രയില്‍ വെള്ളം പതിക്കുന്നത്. ഓരോ മിനിറ്റിലും 2.8 മില്ല്യന്‍ ലിറ്റര്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്ന ഈ കൂറ്റന്‍ വെള്ളച്ചാട്ടത്തില്‍ വീണുപോയാല്‍ എന്തായിരിക്കും അവസ്ഥ. അങ്ങനെയൊരു വീഴ്ചയെക്കുറിച്ച് ചിന്തിക്കാന്‍ പോലും അധികം ആരും മുതിരാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ നയാഗ്ര വെള്ളച്ചാട്ടത്തെ തോല്‍പിച്ചവരും ഉണ്ട് എന്നതാണ് സത്യം.

Read more: ‘ചെമ്മീനിലെ കറുത്തമ്മ മുതല്‍ കിലുക്കത്തിലെ വട്ടുകേസ് തമ്പുരാട്ടി വരെ’ ഈ മിടുക്കിയുടെ അഭിനയമികവിന് കയ്യടിക്കാതിരിക്കാന്‍ ആവില്ല

ചരിത്രത്തില്‍ ഇന്നുവരെ പതിനാറ് പേരാണ് നയാഗ്രയെ തോല്‍പിക്കുക എന്ന ദൗത്യവുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളത്. ഇതില്‍ കുറച്ചുപേര്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് 1921-ലാണ് ആദ്യമായി ഒരാള്‍ നയാഗ്രയെ തോല്‍പിച്ചത്. ആനി എഡ്‌സണ്‍ എന്ന 63 കാരിയാണ് അന്ന് ഇരുമ്പുകൊണ്ട് നിര്‍മിച്ച ഒരു ബാരലിനുള്ളില്‍ക്കയറി വെള്ളച്ചാട്ടത്തില്‍ നിന്നും നീന്തിക്കയറിയത്. പണത്തിനും പ്രശസ്തിക്കു വേണ്ടിയാണ് ആനി എഡ്‌സണ്‍ അങ്ങനെ ചെയ്തതെങ്കിലും അന്ന് അത് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 1928-ല്‍ ലൂസിയര്‍ എന്ന ആള്‍ ആറടി വ്യാസമുള്ള സ്റ്റീല്‍ ബോളിനുള്ളില്‍ നിരവധി ട്യൂബുകള്‍ നിരത്തി അതിനുള്ളില്‍ കയറി വെള്ളച്ചാട്ടത്തിന് മുകളിലൂടെ യാത്ര ചെയ്തു. വീഴ്ചയില്‍ നിന്നും ഭാഗ്യംകൊണ്ടാണ് ലൂസിയര്‍ രക്ഷപ്പെട്ടത്.

എന്നാല്‍ സുരക്ഷിതമല്ലാത്ത വീഴ്ചയില്‍ നിന്നും അഞ്ച് പേര്‍ മാത്രമാണ് ഇതുവരെ രക്ഷപ്പെട്ടിട്ടുള്ളത്. ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ ഏഴ് വയസ്സുകാരനാണ്. 1960-ലാണ് സംഭവം. റോജര്‍ വുഡാവാര്‍ഡ് എന്ന ബാലന്‍ ഒരു ബോട്ട് അപകടത്തെ തുടര്‍ന്ന് നയാഗ്രയുടെ അറ്റംവരെ എത്തി. എന്നാല്‍ ആ ബാലന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നയാഗ്രയുടെ മഹാത്ഭുതം എന്നാണ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്.

ഇത്തരം രക്ഷപ്പെടലുകള്‍ നടന്നിട്ടുണ്ടെങ്കിലും എപ്പോഴും ഭാഗ്യം നമ്മളെ തുണയ്ക്കണം എന്നില്ല. അതുകൊണ്ടുതന്നെ നയാഗ്രയുടെ ഭംഗി ആസ്വദിക്കാന്‍ പോകുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമയി പാലിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.