പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്; ഒരേസമയം ഒന്നിൽ കൂടുതൽ പേർക്ക് ഫോർവേഡ് പറ്റില്ല

April 7, 2020

പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്. ഇനിമുതൽ ഒരേസമയം ഒന്നിൽ കൂടുതൽ ഫോർവേഡ് സാധ്യമല്ല. വ്യാജവാർത്തകൾ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിലവിൽ അഞ്ച് പേർക്ക് വരെ ഒരു സന്ദേശം ഒരേസമയം ഫോർവേഡ് ചെയ്യാൻ സാധിക്കും. പുതിയ മാറ്റം വരുന്നതോടെ ഇത് അഞ്ചിൽ നിന്നും ഒന്നായി മാറും.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുന്നതാണ് കമ്പനിയുടെ പുതിയ തീരുമാനം. അതേസമയം കൈമാറിയ സന്ദേശങ്ങൾ ഓൺ‌ലൈനായി പരിശോധിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള ഒരു ഫീച്ചറും വാട്സ്ആപ്പ് നൽകുന്നുണ്ട്. കൊവിഡ്-19 വ്യാപനം മൂലം വാട്സ്ആപ്പ് ഉപയോഗത്തിൽ 40 ശതമാനം വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.