‘കൂട്ടത്തിൽ എന്റെ ശബ്ദവും ഉണ്ടല്ലോ’- ശോഭനയായും കൽപനയായും പകർന്നാടിയ വേദയ്ക്ക് അഭിനന്ദനമറിയിച്ച് പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവി

May 17, 2020

സമൂഹമാധ്യമങ്ങളിലൂടെ വളരെ പെട്ടെന്നാണ് ഇപ്പോൾ കലാപ്രതിഭകൾ ശ്രദ്ധിക്കപ്പെടുന്നത്. നൃത്തവും പാട്ടും കരകൗശലവും അഭിനയവുമൊക്കെയായി ഒട്ടേറെ കുഞ്ഞു താരങ്ങൾ ഈ ലോക്ക് ഡൗൺ സമയത്ത് ശ്രദ്ധിക്കപ്പെട്ടു. ശോഭനയായും കൽപനയായും അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച വേദ രാജേഷ് എന്ന മിടുക്കി സമൂഹമാധ്യമങ്ങളിലൂടെ ഇങ്ങനെ ശ്രദ്ധിക്കപ്പെട്ട താരമാണ്. ഇപ്പോൾ വേദക്ക് അഭിനന്ദനമറിയിച്ചിരിക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റായ ശ്രീജ രവി.വേദയെ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയായിരുന്നു ശ്രീജ. ഇത്ര ചെറുപ്പത്തിൽ തന്നെ കഥാപാത്രത്തെ ഉൾക്കൊണ്ട് ഡയലോഗ് അവതരിപ്പിച്ചത് ഒരു നല്ല കലാകാരിക്ക് മാത്രം സാധിക്കുന്നതാണെന്ന് ശ്രീജ പറയുന്നു. മാത്രമല്ല, തന്റെ ഫേസ്ബുക്ക് പേജിൽ വേദയുടെ വീഡിയോ പങ്കുവെച്ചും ശ്രീജ രവി അഭിനന്ദനം അറിയിച്ചു.

തേന്മാവിൻ കൊമ്പത്തെ കാർത്തുമ്പിയും കൽപനയുടെ ചിരി നിമിഷങ്ങളുമൊക്കെ വേദ പകർന്നടിയിരുന്നു. ശ്രീജ ശബ്ദം നൽകിയ കഥാപാത്രങ്ങൾക്കും വേദ, ഭാവം നൽകിയിരുന്നു.’നിറ’ത്തിൽ ശാലിനിക്ക് ശബ്ദം നൽകിയത് ശ്രീജയായിരുന്നു. വളരെ വൈകാരികമായ ഒരു രംഗം വേദ അവതരിപ്പിച്ചതും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധയ്ക്കപ്പെട്ടതോടെയാണ് ശ്രീജ വേദയെ വിളിച്ച് അഭിനന്ദിച്ചത്. കൂട്ടത്തിൽ തന്റെ ശബ്ദവുമുണ്ടല്ലോ എന്നാണ് ശ്രീജ കുറിക്കുന്നത്.

‘ബേബി വേദ രാജേഷ്. വലിയ കലാകാരിയായി ഉയരട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു. എന്റെ ശബ്ദവും ഉണ്ടല്ലോ കൂട്ടത്തിൽ ..സന്തോഷം. വേദ, സൗമ്യ എന്ന ഒരു നല്ല ഡബ്ബിങ് ആര്ടിസ്റ്റിന്റെ മകളാണ് .. രാജേഷും കലാകാരൻ. പിന്നെ മകൾ ഇങ്ങനെ അല്ലെ വരൂ. സന്തോഷം’. ശ്രീജയുടെ വാക്കുകൾ.

തിരുവനന്തപുരം ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് വേദ. രാജേഷ് ആർ നാഥിന്റെയും സൗമ്യ രാജേഷിന്റെയും മകളായ വേദ നൃത്തത്തിലും, ചിത്രരചനയിലും , ബോട്ടിൽ ആർട്ടിലും കഥാരചനയിലുമെല്ലാം അഗ്രഗണ്യയാണ്.

Story highlights- Dubbing artist sreeja ravi appreciating vedha rajesh