എറണാകുളം ജില്ലയ്ക്ക് ആശ്വാസം; അവസാനത്തെ കൊവിഡ് ബാധിതനും ആശുപത്രി വിട്ടു

May 1, 2020

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏറെ ആശങ്കയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. എന്നാൽ കൊവിഡ് വാർഡിൽ നിന്നും പുറത്തുവരുന്ന ചില വാർത്തകൾ കേരളക്കരയ്ക്ക് ആശ്വാസം പകരുകയാണ്. ഇന്ന് കേരളത്തിൽ ഒരു കൊവിഡ്-19 പോസിറ്റിവ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ല.

എറണാകുളം ജില്ല കൊവിഡ് മുക്തമായി. അവസാനത്തെ ആളും ആശുപത്രി വിട്ടു. കലൂര്‍ സ്വദേശിയായ യുവാവാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. കഴിഞ്ഞ 28 ദിവസമായി ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെയും ഇന്നും നടത്തിയ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെയാണ് ഇദ്ദേഹം ആശുപത്രി വിട്ടത്.

ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം കേരളത്തിലെ രണ്ട് ജില്ലകൾ റെഡ് സോണിലാണ്. കണ്ണൂരും കോട്ടയവുമാണ് റെഡ് സോണിൽ. 10 ജില്ലകള്‍ ഓറഞ്ച് സേണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളാണ് ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എറണാകുളം, വയനാട് എന്നീ ജില്ലകള്‍ ഗ്രീന്‍ സോണിന്റെ പരിധിയില്‍പ്പെടുന്നു. ഗ്രീന്‍ സോണിലായിരിക്കും മെയ് 4 മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുക.