കണ്ണൂരും കോട്ടയവും കേന്ദ്ര റെഡ് സോണില്‍; കര്‍ശന നിയന്ത്രണങ്ങള്‍ തുടരും

May 1, 2020
Lowest rise in daily Covid cases in 215 day

കൊവിഡ് 19 രോഗ്യ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രം പുതിയ പട്ടിക പുറത്തിറക്കി. 130 ജില്ലകളെയാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ കണ്ണൂരും കോട്ടയവുമാണ് റെഡ് സോണില്‍.

റെഡ് സോണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ മെയ് 3 ന് ശേഷവും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരബാദ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം റെഡ് സോണിലാണ്.

രാജ്യത്ത് ആകെയുള്ള 733 ജില്ലകളില്‍ 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കേരളത്തിലെ 10 ജില്ലകള്‍ ഓറഞ്ച് സേണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളാണ് ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

അതേസമയം രാജ്യത്താകെ 319 ജില്ലകളെയാണ് ഗ്രീന്‍ സോണുകളാക്കിയിരിക്കുന്നത്. കേരളത്തില്‍ എറണാകുളം, വയനാട് എന്നീ ജില്ലകള്‍ ഗ്രീന്‍ സോണിന്റെ പരിധിയില്‍പ്പെടുന്നു. ഗ്രീന്‍ സോണിലായിരിക്കും മെയ് 4 മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുക.