അശ്വിന്‍ എഴുതി, ലോകം വായിച്ചു: ആമസോണില്‍ ബെസ്റ്റ് സെല്ലറായി ‘MY GIRLFRIEND’S JOURNAL’

MY GIRLFRIEND'S JOURNAL

കാലന്തരങ്ങള്‍ക്കും അപ്പുറം ഒരു മനുഷ്യന്റെ മനസ്സില്‍ കുടിയിരിക്കാന്‍ പല കഥകള്‍ക്കും കഴിയും. പണ്ട് പണ്ട് ഒരിടത്തൊരിടത്ത് ഒരു… എന്നു തുടങ്ങുന്ന മുത്തശ്ശിക്കഥകള്‍തൊട്ട് എഴുത്തുകാര്‍ കുറിച്ചിട്ട കഥകളും മനസ്സുകളില്‍ ഒളി മങ്ങാതെ നില്‍ക്കും പലപ്പോഴും. ചിലപ്പോഴൊക്കെ അത്രമേല്‍ ആഴത്തില്‍ വേരൂന്നാറുണ്ട് വായനാനുഭവം. മനസ്സിനും വാക്കുകള്‍ക്കും ഇടയിലുള്ള ഒരുതരം രസതന്ത്രമാണ് പലപ്പോഴും മനോഹരങ്ങളായ പുസ്തകങ്ങള്‍ക്ക് ജന്മം കൊടുക്കുന്നത്. മികച്ച രചന വൈഭവംകൊണ്ട് രചിച്ച ആദ്യ പുസ്തത്തിലൂടെതന്നെ ശ്രദ്ധേയനാവുകയാണ് അശ്വിന്‍ രാജ് എന്ന യുവാവ എഴുത്തുകാരന്‍

ആമസോണില്‍ ഇ ബുക്കായി പ്രസിദ്ധപ്പെടുത്തിയ മൈ ഗേള്‍ഫ്രണ്ട്‌സ് ജേര്‍ണല്‍; ലൈസ് ഓഫ് ട്രൂത്ത് (MY GIRLFRIEND’S JOURNAL; LIES OF TRUTH) എന്ന പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. പ്രസിദ്ധപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ബെസ്റ്റ് സെല്ലറായിരിക്കുകയാണ് ഈ ബുക്ക്. ലോക്ക്ഡൗണ്‍ കാലത്ത് പൂര്‍ത്തീകരിച്ച പുസ്തകം ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കട സ്വദേശിയാണ് അശ്വിന്‍ രാജ്. കുട്ടിക്കാലം മുതല്‍ക്കേ വായനയെ ഇഷ്ടപ്പെട്ടു. ഇടനേരങ്ങളില്‍ ചിലതൊക്കെ കുറിച്ചുവെച്ചു. ഇനിയും അശ്വിന്റേതായി നിരവധി പുസ്തകങ്ങള്‍ ഒരുങ്ങുന്നുണ്ട്. പിറന്നാള്‍ ദിനമായ മെയ് 29 ന് മൈ ഗേള്‍ഫ്രണ്ട്‌സ് ജേര്‍ണലിന്റെ പേപ്പര്‍ പതിപ്പും പ്രസിദ്ധീകരിക്കും. ലൈസ് ഓഫ് ട്രൂത്ത് (LIES OF TRUTH) എന്ന സീരീസിലെ ആദ്യ ബുക്ക് ആണ് മൈ ഗേള്‍ഫ്രണ്ട്‌സ് ജേര്‍ണല്‍. അഞ്ച് പുസ്തകങ്ങള്‍ ഉല്‍പ്പെടുന്നുണ്ട് ഈ സീരീസില്‍.

അശ്വിന്റെ എഴുത്തുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ജീവിതയാഥാര്‍ത്യങ്ങളുമായി അവ വളരെയേറെ പൊരുത്തപ്പെട്ടുകിടക്കുന്നു. വിശാലമായ കാഴ്ചപ്പാടാണ് ആ എഴുത്തുകള്‍ക്ക്. അതുകൊണ്ടുതന്നെയാണ് ആദ്യ പുസ്തകംതന്നെ ഇത്രമേല്‍ സ്വീകാര്യമായതും.

ഡോ. എ പി ജെ അബ്ദുള്‍ കലാം ടെക്‌നിക്കല്‍ യുണിവേഴ്‌സിറ്റിയില്‍ നാഷ്ണല്‍ സര്‍വീസ് സ്‌കീം(എന്‍എസ്എസ്) സെല്‍-ന്റെ ഫീല്‍ഡ് ഓഫീസറാണ് അശ്വിന്‍. ജോലിത്തിരക്കുകള്‍ക്കിടയിലും ഒഴിവുസമയങ്ങള്‍ വായനയ്ക്കും എഴുത്തിനുമായി വിനിയോഗിക്കുന്നു. നിക്കി ക്രൂസ് ആണ് അശ്വിന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍. പ്രിയപ്പെട്ട പുസ്തകം റണ്‍ ബേബി റണ്‍-ഉം.

Story highlights: MY GIRLFRIEND’S JOURNAL BOOK BY ASHVIN RAJ