പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ പുറപ്പെടുന്ന വിമാന ജീവനക്കാർക്ക് പരിശീലനം നൽകി ആരോഗ്യവിദഗ്ധർ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള നടപടികൾ പൂർത്തിയായി. നാളെ രാവിലെ പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കൊച്ചിയില്‍ നിന്നും എയർ ഇന്ത്യ വിമാനം പുറപ്പെടും. അതേസമയം പുറപ്പെടാൻ ഒരുങ്ങുന്ന എയര്‍ ഇന്ത്യ പൈലറ്റ്മാര്‍ക്കും ക്യാബിന്‍ ക്രൂവിനും എറണാകുളം മെഡിക്കല്‍ കോളേജില്‍ പരിശീലനം നല്‍കി. പി.പി.ഇ. സ്യൂട്ടുകള്‍ ധരിക്കുന്നതിനും യാത്രക്കിടയില്‍ ഉണ്ടാകാനിടയുള്ള ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പൈലറ്റ് മാർക്കും ക്യൂവിനും പരിശീലനം നല്‍കിയത്.

നാല് പൈലറ്റുമാര്‍ അടക്കം 12 പേരടങ്ങുന്ന സംഘത്തിനാണ് മെഡിക്കല്‍ കോളേജ് പരിശീലനം നല്‍കിയത്. പി.പി.ഇ. സ്യൂട്ടുകള്‍ ധരിക്കുന്നതിന്റെയും അവ പ്രോട്ടോക്കോള്‍ പ്രകാരം ഊരിമാറ്റുന്നതിന്റെയും പ്രാക്ടിക്കല്‍ പരിശീലനവും നൽകിയിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ സൗജന്യ കിറ്റുകലും നൽകി. ഒപ്പം എല്ലാവരുടെയും ആര്‍.ടി. പി.സി.ആര്‍. പരിശോധന നടത്തുകയും ചെയ്തു.

പരിശീലനത്തിന് ശേഷം ക്രൂവിന്റെ ആത്മവിശ്വാസം പതിന്‍മടങ്ങ് വര്‍ദ്ധിച്ചതായി ക്യാപ്റ്റന്‍ പാര്‍ത്ഥ സര്‍ക്കാര്‍ ആരോഗ്യവിദഗ്ധരെ അറിയിച്ചു.