കൊറോണ വൈറസ് വ്യാപന സാധ്യത – അറിയാം ചില വസ്തുതകള്‍

Covid 19 Incubation Period

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണ് നാം. എന്നാല്‍ കൊവിഡ് വ്യാപനം ആരംഭിച്ചതു മുതല്‍ കണ്ടുവരുന്ന ചില പ്രവണതകളിലൊന്നാണ് വ്യാജ വാര്‍ത്തകളുടെ അതിപ്രസരം. സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ ജീവിതത്തില്‍ പലപ്പോഴും വില്ലന്‍മാരായി എത്താറുമുണ്ട്.

ശരിയായ രോഗ പ്രതിരോധത്തിനും രോഗ നിര്‍ണ്ണയത്തിനും ചികിത്സക്കും വിലങ്ങുതടിയായി നില്‍ക്കുന്ന ഈ വ്യാജവാര്‍ത്തകളെ തടയേണ്ടത് പകര്‍ച്ച വ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യം തന്നെയാണ്. അതിലൊന്നാണ് ഇന്‍കുബെഷന്‍ പീരീഡുമായി ബന്ധപ്പെട്ട ചില അജ്ഞതകള്‍.

അറിഞ്ഞിരിക്കണം ഈ വസ്തുതകള്‍

*രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരില്‍ ഇന്‍ക്യുബേഷന്‍ പിരീഡ് കണക്കാക്കല്‍ എളുപ്പമല്ല
*എങ്കിലും പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ്- ഇന്‍ക്യുബേഷന്‍ പിരീഡ് ശരാശരി അഞ്ചുമുതല്‍ ഏഴുദിവസംവരെയും ഏറിയാല്‍ 14 ദിവസം വരെയുമായാണ് കണക്കാക്കുന്നത്.
*ഇത്തരം പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ക്വാറന്റൈന്‍ സമയം രണ്ടാഴ്ചയായി ലോകത്ത് മുഴുവന്‍ നിജപ്പെടുത്തിയിരിക്കുന്നത്.
*മാത്രമല്ല പുതിയ വൈറസായതിനാലും പഠനങ്ങള്‍ അധികമായി നടക്കാത്തതുകൊണ്ടും കൂടുതല്‍ ജാഗ്രതക്കായി ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തികളോട് അടുത്ത 14 ദിവസം കൂടി ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെടാറുണ്ട്. അതായത് ചുരുക്കത്തില്‍ ഹോം ക്വാറന്റൈന്‍ എന്നത് 28 ദിവസമായി കണക്കാക്കിയിരിക്കുന്നു.

രോഗവ്യാപന സാധ്യത കൂടുതലായതിനാല്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന ഓരോ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ഏവരും ബാധ്യസ്ഥരാണ്.

-ആരോഗ്യവകുപ്പ്

Story highlights: Kerala Health department About Covid 19 Incubation Period