“സലീം കുമാര്‍ എന്ന തിരക്കുള്ള നടനെ സൃഷ്ടിക്കുന്നതില്‍ സുരേഷ് ഗോപി വഹിച്ച പങ്ക്”; ഉള്ളുതൊടുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് താരം

June 26, 2020
Salim Kumar heart touching Facebook post about Suresh Gopi

മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാള്‍. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടുന്നത് ആശംസകള്‍ നേര്‍ന്നുകൊണ്ട് സലീം കുമാര്‍ പങ്കുവെച്ച കുറിപ്പാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാന്‍ അറിയാത്ത സുരേഷ് ഗോപി എന്ന മഹത് വ്യക്തിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു. സലിം കുമാര്‍ എന്ന തിരക്കുള്ള നടനെ സൃഷ്ടിക്കുന്നതില്‍ സുരേഷ് ഗോപി വഹിച്ച പങ്ക് വളരെ വലുതാണ്, ‘തെങ്കാശിപ്പട്ടണം ‘എന്ന സിനിമയിലൂടെയാണ് ഞാന്‍ തിരക്കുള്ള നടനായി മാറിയത്. അതിന്റെ സംവിധായകരായ റാഫി മെക്കാര്‍ട്ടിനും, നിര്‍മാതാവായ ലാലും എന്നെ ആ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുന്നത് അതിനു തൊട്ടു മുമ്പായി റിലീസ് ചെയ്ത വിജി തമ്പി സംവിധാനം ചെയ്ത ‘സത്യമേവ ജയതേ ‘എന്ന സിനിമയിലെ എന്റെ അഭിനയം കണ്ടു ഇഷ്ടപ്പെട്ടിട്ടാണ്.

ഈ സത്യമേവ ജയതേയില്‍ സംവിധായകന്‍ വിജി തമ്പി എന്നെ അഭിനയിക്കാന്‍ വിളിക്കുന്നത്, സുരേഷ് ചേട്ടന്റെ നിര്‍ബന്ധം മൂലമായിരുന്നു അന്നുവരെ എന്നെ നേരിട്ട് അറിയാത്ത ഒരാളായിരുന്നു സുരേഷേട്ടന്‍, എന്റെ ടിവി പരിപാടികള്‍ കണ്ട പരിചയം മാത്രമേ അദ്ദേഹത്തിനു എന്നെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ. സത്യമേവ ജയതേയിലെ കള്ളനില്‍ നിന്ന് ഇന്നു നിങ്ങള്‍ കാണുന്ന സലിംകുമാറിലേക്ക് എത്താന്‍ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യന്‍ ഒരു കൊച്ചു നിര്‍ബന്ധബുദ്ധി ആയിരുന്നു.

ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കമ്പാര്‍ട്ട്‌മെന്റ്’. ഓട്ടിസം ബാധിച്ച കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയിട്ടുള്ള ഒരു പ്രമേയം ആയിരുന്നു കമ്പാര്‍ട്ട്‌മെന്റിന്റേത്. അതിന്റെ നിര്‍മ്മാതാവും ഞാന്‍ തന്നെയായിരുന്നു അതില്‍ ഒരു അതിഥി വേഷം ചെയ്യാന്‍ ഞാന്‍ സുരേഷേട്ടനെ ക്ഷണിച്ചു ഷൂട്ടിംഗ് കഴിഞ്ഞ് പോകാന്‍ സമയത്ത് ഞാനദ്ദേഹത്തോട് പ്രതിഫലത്തിന്റെ കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു ‘ ഈ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നീ ഒരു സിനിമ എടുക്കുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി, പിന്നെ ഇന്ന് ഈ കുട്ടികളുമായി ഒരുദിവസം ചിലവഴിച്ചപ്പോള്‍ വല്ലാത്തൊരു ചാരിതാര്‍ത്ഥ്യം തോന്നി, അതുമാത്രം മതി എനിക്ക് ഈ സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലമായി. അക്ഷരാര്‍ത്ഥത്തില്‍ എന്റെ കണ്ണുനിറഞ്ഞുപോയി….

60 കഴിഞ്ഞാല്‍ രണ്ടാം ബാല്യമായി എന്നാണ് എന്റെ ഒരു കണക്ക്. ആ കണക്ക് വെച്ചുനോക്കുമ്പോള്‍ ഇന്ന് ചേട്ടന്റെ ഒന്നാം പിറന്നാള്‍ ആണ്. ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സുരേഷേട്ടന് ഒരുപാട് ‘ഒരുപാട് ജന്മദിനങ്ങള്‍ സകുടുംബം ആഘോഷിക്കാന്‍ സര്‍വ്വശക്തന്‍ ദീര്‍ഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന പ്രാര്‍ത്ഥനയോടെ….”

Story highlights: Salim Kumar heart touching Facebook post about Suresh Gopi