നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് പകരം ഇനി സജീവമാകാൻ പോകുന്ന ഇന്ത്യൻ ആപ്പുകൾ

ഇന്ത്യ- ചൈന അതിർത്തി പ്രശ്നവും, സൈനിക നടപടികളുമെല്ലാം വലിയ ആഘാതമാണ് സമൂഹമാധ്യമങ്ങളിലും ഏൽപ്പിച്ചത്. കാരണം, പ്രതിസന്ധിക്കൊടുവിൽ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക് ടോക്ക്, എക്സെൻഡർ, ഷെയർ ഇറ്റ് തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകൾ നിരോധിച്ചത് പലരെയും ആശ്ചര്യപ്പെടുത്തി. എന്നാൽ. ചൈനീസ് ആപ്പുകളുടെ അതിപ്രസരത്തിൽ പ്രസക്തി നഷ്ടമായിരുന്ന ഇന്ത്യൻ ആപ്പുകൾ ഇനി ഊർജസ്വലമാകാനുള്ള തയ്യാറെടുപ്പിലാണ്.

ആപ്പുകൾ നിരോധിച്ചതിൽ വിഷമിക്കുന്നവർക്ക് അതേ സംവിധാനങ്ങളുള്ള ഇന്ത്യൻ ആപ്പുകൾ ഉപയോഗിക്കാം. ടിക് ടോക്കിനു ബദലായി ഇന്ത്യയിൽ തന്നെ രൂപം കൊണ്ട ഒന്നാണ് ചിങ്കാരി ആപ്പ്. 2018 മുതൽ ലഭ്യമാണെങ്കിലും വലിയൊരു സ്വീകാര്യത ഈ ആപ്പിന് ലഭിച്ചത് ചൈനീസ് ആപ്പുകൾ നിരോധിക്കുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ്. മലയാളം ഉൾപ്പെടെ ഒൻപതു ഭാഷകൾ ലഭ്യമാണ്. അതുപോലെ ബോലോ ഇന്ത്യ(BOLO INDYA ) , മിത്രോം(MITHRON) എന്നീ ആപ്പുകളും ടിക് ടോക്കിനു സമാനമായി ഉണ്ട്.

ടിക് ടോക്കിനേക്കാൾ പ്രചാരമുള്ള മറ്റ് രണ്ട് അപ്ലിക്കേഷനുകൾ ആയിരുന്നു എക്സെൻഡറും ഷെയർ ഇറ്റും. ഇവ നിരോധിച്ചതോടെ ബ്ലൂടൂത്തിലേക്കുള്ള മടക്കമൊക്കെയാണ് സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. എന്നാൽ ബ്ലൂടൂത്തിൽ വലിയ ഫയലുകൾ വളരെ വേഗം കൈമാറ്റം ചെയ്യാൻ സാധിക്കില്ല. ആ കാര്യത്തിലും മറ്റ് മാർഗങ്ങളുണ്ട്. എം എക്സ് പ്ലയർ, ഫയൽസ് ബൈ ഗൂഗിൾ, ഷെയർ ആൾ, സെൻറ് എനിവെയർ, നിയർബൈ ഷെയറിങ് തുടങ്ങി ഒട്ടേറെ അപ്ലിക്കേഷൻ ലഭ്യമാണ്. ഫയൽസ് ബൈ ഗൂഗിളിൽ ഇന്റർനെറ്റ് സഹായമില്ലാതെയും അയക്കാൻ സാധിക്കും.

Read More: സൂം ചെയ്ത ചിത്രം ആരുടേത്.. സോഷ്യൽ മീഡിയയുടെ തല പുകച്ച് ഒരു ചിത്രം

യു സി ബ്രൗസർ നിരോധനം ഒട്ടേറെ ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാൽ അതിനു ബദലായി ഗൂഗിൾ ക്രോം സജീവമായി ഉണ്ട്. അല്ലെങ്കിൽ ഫയർഫോക്സ് ലഭ്യമാണ്. ഇന്ത്യൻ ആപ്പ് തന്നെ വേണമെങ്കിൽ ജിയോ ബ്രൗസർ(JIO BROWSER) ഉണ്ട്.

Story highlights-Top alternative indian apps