കൊറോണ വൈറസ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടന നിർദ്ദേശങ്ങൾ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞർ

July 6, 2020
covid

ലോകത്തെ വിട്ടൊഴിയാതെ കൊവിഡ് ആശങ്ക. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് വെളിപ്പെടുത്തുകയാണ് ശാസ്ത്രജ്ഞർ. വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ ഈ വൈറസിന് സാധിക്കും, അതിനാൽ വായുവിലൂടെ രോഗം പകരുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അതേസമയം ഈ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയോട് കൊവിഡ് മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാനും ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടിട്ടുണ്ട്.

വായുവിലൂടെ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിനുള്ള തെളിവുകൾ ലോകാരോഗ്യ സംഘടനയെ ശാസ്ത്രജ്ഞർ കത്തിലൂടെ അറിയിച്ചതായും ഇതുസംബന്ധിച്ച ജേണൽ ശാസ്ത്രജ്ഞർ ഉടൻ പുറത്തിറക്കുമെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം രോഗബാധയേറ്റ വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായിൽ നിന്നും മൂക്കിൽ നിന്നും തെറിക്കുന്ന സ്രവത്തിൽ നിന്നാണ് കൊവിഡ് പകരുന്നതെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ.

എന്നാൽ കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് വ്യക്തമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Story Highlights: corona virus is airborne say scientists