എറണാകുളത്ത് കര്‍ശന നിയന്ത്രണങ്ങള്‍; പത്ത് ഇടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

July 5, 2020
Latest Covid Updates

കൊവിഡ് പശ്ചാത്തലത്തില്‍ എറണാകുളും ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തം. സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. പനമ്പള്ളി നഗര്‍ ഉള്‍പ്പെടെ കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളും ആലുവ നഗരസഭാ മാര്‍ക്കറ്റും അടക്കം പത്ത് കണ്ടെയ്ന്‍മെന്റ് സോണാണ് എറണാകുളം ജില്ലയിലുള്ളത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം പടര്‍ന്നിരുന്നു. ഇന്നലെ എറണാകുളത്ത് 13 പേരില്‍ രോഗം സ്ഥിരീകരിച്ചതില്‍ ആറ് പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുന്നതും.

കൊച്ചി നഗരസഭയിലെ പനമ്പള്ളി നഗര്‍, ഗിരിനഗര്‍, പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപ്പറമ്പ്, പറവൂര്‍ നഗരസഭയിലെ എട്ടാം ഡിവിഷന്‍, കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ്, പിറവം നഗരസഭയിലെ 17-ാം ഡിവിഷന്‍, പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, തൃക്കാക്കര നഗരസഭയിലെ 28-ാം ഡിവിഷന്‍ എന്നിവിടങ്ങളാണ് എറണാകുളം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

Read more: ലോകത്ത് 1.14 കോടി കൊവിഡ് രോഗികള്‍; 5.32 ലക്ഷം കടന്ന് മരണം

അതേസമയം ജില്ലയില്‍ പോലീസുകാരുടേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ പുരോഗമിക്കുന്നുണ്ട്. സമൂഹിക അകലം പാലിക്കുക, മാസ്‌ക് ധിരിക്കുക തുടങ്ങിയ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. മാത്രമല്ല അനാവശ്യമായി ആരും വീടുകളില്‍ നിന്നും പുറത്തിറങ്ങരുത് എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Story highlights: Ernakulam Latest Covid Updates