‘ഹൃദയസഖീ സ്‌നേഹമയീ…. ഹൃദയംകൊണ്ട് കേള്‍ക്കാം ഈ സുന്ദര സംഗീതം

Hridayasakhi Cover Song

ചില പാട്ടുകള്‍ക്ക് ഭംഗി കൂടുതലാണ്. കാതുകള്‍ക്കുമപ്പുറം അവയങ്ങനെ ഹൃദയത്തില്‍ അലയടിച്ചുകൊണ്ടേയിരിക്കും. നേര്‍ത്ത ഒരു മഴനൂലു പോലെ ഉള്ളിലെവിടെയോ തോരാതെ പെയ്തുകൊണ്ടേയിരിക്കും. സംഗീതത്തിന്റെ ഭംഗി പലപ്പോഴും വര്‍ണ്ണനകള്‍ക്കും അതീതമാണ്. ചിലപ്പോള്‍ തേങ്ങലുകളെ അതിജീവിക്കാന്‍, മറ്റു ചിലപ്പോള്‍ ആനന്ദത്തില്‍ ലയിക്കാന്‍ അതുമല്ലെങ്കില്‍ വെറുതെയങ്ങനെ കേട്ടിരിക്കാന്‍ പാട്ടുകളെ കൂട്ടുപിടിക്കുന്നവരാണ് പലരും. ഹൃദയത്തില്‍ അത്രമേല്‍ ആഴത്തില്‍ വേരൂന്നുവാന്‍ കെല്‍പുണ്ട് ചില പാട്ടുകള്‍ക്ക്.

മാന്ത്രിക സംഗീതം എന്നു വിശേഷിപ്പിക്കാറുണ്ട് ചില പാട്ടുകളെ നാം. വല്ലാത്തൊരു ആകര്‍ഷണമാണ് അത്തരം പാട്ടുകളോട്. കാലാന്തരങ്ങള്‍ക്കിപ്പുറം അത്തരം പാട്ടുകളുടെ കവര്‍ വേര്‍ഷനുകളും ആസ്വാകര്‍ ഹൃദയംകൊണ്ട് ആസ്വദിക്കാറുണ്ട്. അത്തരം ഒു കവര്‍ സോങ്ങാണ് മാസങ്ങളായി ഹൃദയങ്ങളില്‍ നിറയുന്നതും.

Read more: നര്‍മ്മവും പ്രണയവും ഇഴചേര്‍ത്ത് ഒരു സംഗീതാവിഷ്‌കാരം: വീഡിയോ

‘ഹൃദയസഖീ സ്‌നേഹമയീ…. ആത്മസഖീ അനുരാഗമയീ…’ എത്ര കേട്ടാലും മതിവരാത്ത ഈ സുന്ദരഗാനത്തിന് ഒരുക്കിയിരിക്കുന്ന കവര്‍ വേര്‍ഷനും മനോഹരമാണ്. അഖില്‍രാജ് രാജു ആണ് ആലാപനം. അനന്തനാരായണന്‍ എ.ജി ആണ് പ്രോഗ്രാമിങും മിക്‌സിങ്ങും മാസ്റ്ററിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ യഥാര്‍ത്ഥ പതിപ്പിന്റെ ഭംഗി ചോരാതെയാണ് കവര്‍ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്.

വെള്ളിത്തിര എന്ന ചിത്രത്തിലേതാണ് ‘ഹൃദയസഖീ സ്‌നേഹമയീ…. ആത്മസഖീ അനുരാഗമയീ…’ എന്ന ഗാനം. പൃഥ്വിരാജും നവ്യാ നായരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയില്‍ ഹരിഹരന്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരന്റേതാണ് വരികള്‍. അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു.

ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലെ ‘നീയില്ലാ നേരം…’ എന്ന ഗാനത്തിന് അഖില്‍ രാജും ശരവണ്‍ കൃഷ്ണകുമാറും അനന്തനാരായണനും ചേര്‍ന്നൊരുക്കിയ കവര്‍ സോങും ശ്രദ്ധ നേടിയിരുന്നു.

Story highlights: Hridayasakhi Cover Song