വഴിയില്‍ ആരേയും കണ്ടില്ല, എങ്കിലും പതിവ് തെറ്റാതെ ആ മൂന്നു വയസ്സുകാരന്‍ പറഞ്ഞു;’ഗുഡ് മോര്‍ണിങ്’-മനോഹരം ഈ സ്‌നേഹക്കാഴ്ച

July 11, 2020
Little Boy Wishing Good Morning Trending In Internet

‘സോ ക്യൂട്ട്’… ചില ചിത്രങ്ങളും വീഡിയോകളുമൊക്കെ കാണുമ്പോള്‍ നാം അറിയാതെ പറഞ്ഞുപോകുന്ന വാക്കുകള്‍. ശരിയാണ് ‘ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്’ ആയിട്ടുള്ള നിരവധി ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ സൈബര്‍ ഇടങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. നിഷ്‌കളങ്കത നിറഞ്ഞ കുഞ്ഞുവര്‍ത്തമാനങ്ങളും പാല്‍പുഞ്ചിരിയും കുസൃതിക്കൊഞ്ചലുമൊക്കെയായി വളരെ വേഗത്തിലാണ് കുരുന്നുകള്‍ പലരുടേയും മനസ്സ് കീഴടുക്കുന്നത്. സൈബര്‍ലോകത്തിന്റെ ഹൃദയം നിറച്ച ഒരു കുരുന്നു ബാലന്റെ വീഡിയോ ശ്രദ്ധ നേടുന്നു. ഒരു പക്ഷെ ലോക്ക്ഡൗണ്‍ കാലത്ത് ഇത്രമേല്‍ ഹൃദ്യമായ വേറൊരു കാഴ്ചയും ഉണ്ടാകില്ല.

റാല്‍ഫ് എന്ന മൂന്നു വയസ്സുകാരനാണ് ഈ വീഡിയോയിലെ താരം. യുകെയില്‍ മാതാപിതാക്കള്‍ക്കൊപ്പം സ്ഥിര തമാസമാക്കിയിരിക്കുകയാണ് റാല്‍ഫ്. മാതാപിതാക്കള്‍ക്കൊപ്പം പ്രഭാത നടത്തത്തില്‍ ഈ മിടുക്കനും പങ്കുചേരുന്നത് പതിവാണ്. എന്നാല്‍ കൊറോണ എന്ന മഹാമാരിക്കെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഭാത നടത്തം ഇടയ്ക്കുവെച്ച് റാല്‍ഫിന്റെ വീട്ടുകാര്‍ നിര്‍ത്തി. ദിവസങ്ങള്‍ പിന്നിട്ടു. കൊറോണ കേസുകളുടെ എണ്ണം അവരുടെ പ്രവശ്യയില്‍ കുറഞ്ഞു തുടങ്ങിയപ്പോള്‍ റാല്‍ഫ് വീണ്ടും മാതാപിതാക്കള്‍ക്കൊപ്പം പ്രഭാത സവാരിക്ക് ഇറങ്ങി.

Read more: ഓട്ടോറിക്ഷയില്‍ വാഷ് ബേസിന്‍ മുതല്‍ വൈഫൈ വരെ; പ്രശംസിച്ച് സമൂഹമാധ്യമങ്ങള്‍

പക്ഷെ വഴികളില്‍ കുഞ്ഞുവാവയുടെ പതിവ് കാഴ്ചക്കാര്‍ ഇല്ലായിരുന്നു. തിരക്കു കുറഞ്ഞ ആ വഴികളിലൂടെ നടന്നപ്പോഴും അവന്‍ ആ ശീലം മറന്നില്ല, ചിരിച്ചു കൊണ്ട് ‘ഗുഡ് മോര്‍ണിങ്’ ആശംസിക്കാന്‍. ആരേയും കണ്ടില്ലെങ്കിലും റാല്‍ഫ് കൈ വീശി നിറചിരിയോടെ പറഞ്ഞു ‘ഗുഡ് മോര്‍ണിങ്’. ഒരുപക്ഷെ ആ കുഞ്ഞുമനസ്സുകൊണ്ട് അവന്‍ കാണുന്നുണ്ടാവും അവന്റെ പതിവ് കൂട്ടുകാരെ, പ്രിയപ്പെട്ടവരെ.

നിഷ്‌കളങ്കതയോടെയുള്ള റാല്‍ഫിന്റെ ഗുഡ് മോണിംഗ് സമൂഹമാധ്യമങ്ങളിലൂടെ ലോകം കേട്ടു. മറുപടി നല്‍കിയവരും നിരവധി. നിറചിരിയോടെയുള്ള ഈ ഗുഡ് മോര്‍ണിങ് കേട്ടാല്‍ മതി ദിവസം സുന്ദരമാകാന്‍ എന്നാണ് പലരും വീഡിയോയ്ക്ക് കമന്റായി നല്‍കുന്നത്. Story highlights: Little Boy Wishing Good Morning Trending In Internet